ദിനവൃത്താന്തം 2

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36


അദ്ധ്യായം 35

അനന്തരം യോശീയാവു യെരൂശലേമിൽ യഹോവെക്കു ഒരു പെസഹ ആചരിച്ചു ഒന്നാം മാസം പതിനാലാം തിയ്യതി അവർ പെസഹ അറുത്തു.
2 അവൻ പുരോഹിതന്മാരെ താന്താങ്ങളുടെ വേലെക്കു നിർത്തി; യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കായി അവരെ ധൈര്യപ്പെടുത്തി.
3 അവൻ എല്ലായിസ്രായേലിന്നും ഉപാദ്ധ്യായന്മാരും യഹോവെക്കു വിശുദ്ധന്മാരുമായ ലേവ്യരോടു പറഞ്ഞതു: യിസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോൻ പണിത ആലയത്തിൽ വിശുദ്ധപെട്ടകം വെപ്പിൻ; ഇനി അതു നിങ്ങളുടെ തോളുകൾക്കു ഭാരമായിരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും സേവിച്ചുകൊൾവിൻ.
4 യിസ്രായേൽരാജാവായ ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും എഴുത്തുകളിൽ കാണുംപോലെ പിതൃഭവനം പിതൃഭവനമായും കൂറുക്കുറായി നിങ്ങളെത്തന്നേ ക്രമപ്പെടുത്തുവിൻ.
5 നിങ്ങളുടെ സഹോദരന്മാരായ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ചു ഓരോന്നിന്നു ലേവ്യരുടെ ഓരോ പിതൃഭവനഭാഗം വരുവാൻ തക്കവണ്ണം വിശുദ്ധമന്ദിരത്തിങ്കൽ നിന്നുകൊൾവിൻ.
6 ഇങ്ങനെ നിങ്ങൾ പെസഹ അറുത്തു നിങ്ങളെത്തന്നേ വിശുദ്ധീകരിക്കയും മോശെമുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാടു നിങ്ങളുടെ സഹോദരന്മാർ അനുസരിക്കേണ്ടതിന്നു അവരെ ഒരുക്കുകയും ചെയ്‍വിൻ.
7 യോശീയാവു അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും വേണ്ടി പെസഹ യാഗങ്ങൾക്കായിട്ടു രാജാവിന്റെ വക ആട്ടിൻ കൂട്ടത്തിൽനിന്നു ആകെ മുപ്പതിനായിരം കുഞ്ഞാടിനെയും വെള്ളാട്ടിൻ കുട്ടിയെയും മൂവായിരം കാളയെയും ജനത്തിന്നു കൊടുത്തു.
8 അവന്റെ പ്രഭുക്കന്മാരും ജനത്തിന്നും പുരോഹിതന്മാർക്കും ലേവ്യർക്കും ഔദാര്യത്തോടെ കൊടുത്തു; ദൈവാലയപ്രാമണികളായ ഹിൽക്കീയാവും സെഖർയ്യാവും യെഹീയേലും പുരോഹിതന്മാർക്കു പെസഹയാഗങ്ങൾക്കായിട്ടു രണ്ടായിരത്തറുനൂറു കുഞ്ഞാടിനെയും മുന്നൂറു കാളയെയും കൊടുത്തു.
9 കോനന്യാവും അവന്റെ സഹോദരന്മാരായ ശെമയ്യാവും നെഥനയേലും ലേവ്യരുടെ പ്രഭുക്കന്മാരായ ഹസബ്യാവും യെഹീയേലും യോസാബാദും ലേവ്യർക്കു പെസഹയാഗങ്ങൾക്കായിട്ടു അയ്യായിരം കുഞ്ഞാടിനെയും അഞ്ഞൂറു കാളയെയും കൊടുത്തു.
10 ഇങ്ങനെ ശുശ്രൂഷക്രമത്തിലായി; രാജകല്പനപ്രകാരം പുരോഹിതന്മാർ തങ്ങളുടെ സ്ഥാനത്തും ലേവ്യർ കൂറുക്കുറായും നിന്നു.
11 അവൻ പെസഹ അറുത്തു; പുരോഹിതന്മാർ അവരുടെ കയ്യിൽനിന്നു രക്തം വാങ്ങി തളിക്കയും ലേവ്യർ തോലുരിക്കയും ചെയ്തു.
12 പിന്നെ മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതു പോലെ യഹോവെക്കു അർപ്പിക്കേണ്ടതിന്നു അവർ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ചു കൊടുപ്പാൻ തക്കവണ്ണം ഹോമയാഗത്തെയും അങ്ങനെ തന്നേ കാളകളെയും നീക്കിവെച്ചു.
13 അവർ വിധിപോലെ പെസഹയെ തീയിൽ ചുട്ടു; നിവേദിതങ്ങളെ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ചു സർവ്വജനത്തിന്നും വേഗത്തിൽ വിളമ്പിക്കൊടുത്തു.
14 പിന്നെ അവർ തങ്ങൾക്കും പുരോഹിതന്മാർക്കും വേണ്ടി ഒരുക്കി; അഹരോന്യരായ പുരോഹിതന്മാർ ഹോമയാഗങ്ങളും മേദസ്സും അർപ്പിക്കുന്നതിൽ രാത്രിവരെ അദ്ധ്വാനിച്ചിരുന്നതുകൊണ്ടു ലേവ്യർ തങ്ങൾക്കും അഹരോന്യരായ പുരോഹിതന്മാർക്കും വേണ്ടി ഒരുക്കി.
15 ആസാഹ്യരായ സംഗീതക്കാർ ദാവീദിന്റെയും ആസാഫിന്റെയും ഹേമാന്റെയും രാജാവിന്റെയും ദർശകനായ യെദൂഥൂന്റെയും കല്പനപ്രകാരം തങ്ങളുടെ സ്ഥാനത്തും വാതിൽകാവൽക്കാർ അതതു വാതിൽക്കലും നിന്നു; അവർക്കു തങ്ങളുടെ ശുശ്രൂഷ വിട്ടുപോകുവാൻ ആവശ്യമില്ലായിരുന്നു; അവരുടെ സഹോദരന്മാരായ ലേവ്യർ അവർക്കു ഒരുക്കിക്കൊടുത്തു.
16 ഇങ്ങനെ യോശീയാരാജാവിന്റെ കല്പനപ്രകാരം പെസഹ ആചരിപ്പാനും യഹോവയുടെ യാഗപീഠത്തിന്മേൽ ഹോമയാഗങ്ങൾ അർപ്പിപ്പാനും വേണ്ടിയുള്ള യഹോവയുടെ സകലശുശ്രൂഷയും അന്നു ക്രമത്തിലായി.
17 അവിടെ ഉണ്ടായിരുന്ന യിസ്രായേൽ മക്കൾ ആ സമയത്തു പെസഹയും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവും ഏഴു ദിവസം ആചരിച്ചു.
18 ശമൂവേൽപ്രവാചകന്റെ കാലംമുതൽ യിസ്രായേലിൽ ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല; യോശീയാവും പുരോഹിതന്മാരും ലേവ്യരും അവിടെ ഉണ്ടായിരുന്ന എല്ലായെഹൂദയും യിസ്രായേലും യെരൂശലേംനിവാസികളും ആചരിച്ച ഈ പെസഹപോലെ യിസ്രായേൽരാജാക്കന്മാരാരും ആചരിച്ചിട്ടില്ല.
19 യോശീയാവിന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ ഈ പെസഹ ആചരിച്ചു.
20 യോശീയാവു ദൈവാലയത്തെ യഥാസ്ഥാനത്താക്കുക മുതലായ ഈ കാര്യങ്ങളൊക്കെയും കഴിഞ്ഞശേഷം മിസ്രയീംരാജാവായ നെഖോഫ്രാത്തിന്നു സമീപത്തുള്ള കക്കെമീശ് ആക്രമിപ്പാൻ പോകുമ്പോൾ യോശീയാവു അവന്റെ നേരെ പുറപ്പെട്ടു.
21 എന്നാൽ അവൻ അവന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: യെഹൂദാരാജാവേ, എനിക്കും നിനക്കും തമ്മിൽ എന്തു? ഞാൻ ഇന്നു നിന്റെ നേരെ അല്ല, എനിക്കു യുദ്ധമുള്ള ഗൃഹത്തിന്റെ നേരെയത്രേ പുറപ്പെട്ടിരിക്കുന്നതു; ദൈവം എന്നോടു ബദ്ധപ്പെടുവാൻ കല്പിച്ചിരിക്കുന്നു; എന്റെ പക്ഷത്തിലുള്ള ദൈവം നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു അവനോടു ഇടപെടരുതു എന്നു പറയിച്ചു.
22 എങ്കിലും യോശീയാവു വിട്ടുതിരിയാതെ അവനോടു യുദ്ധം ചെയ്യേണ്ടതിന്നു വേഷംമാറി; നെഖോ പറഞ്ഞ ദൈവവചനങ്ങളെ കേൾക്കാതെ അവൻ മെഗിദ്ദോതാഴ്വരയിൽ യുദ്ധം ചെയ്‍വാൻ ചെന്നു.
23 വില്ലാളികൾ യോശീയാരാജാവിനെ എയ്തു; രാജാവു തന്റെ ഭൃത്യന്മാരോടു: എന്നെ കൊണ്ടുപോകുവിൻ; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.
24 അങ്ങനെ അവന്റെ ഭൃത്യന്മാർ അവനെ രഥത്തിൽനിന്നിറക്കി അവന്റെ രണ്ടാം രഥത്തിൽ ആക്കി യെരൂശലേമിൽ കൊണ്ടുവന്നു; അവൻ മരിച്ചു; അവന്റെ പിതാക്കന്മാരുടെ ഒരു കല്ലറയിൽ അവനെ അടക്കം ചെയ്തു. എല്ലായെഹൂദയും യെരൂശലേമും യോശീയാവെക്കുറിച്ചു വിലപിച്ചു.
25 യിരെമ്യാവും യോശീയാവെക്കുറിച്ചു വിലപിച്ചു; സകലസംഗീതക്കാരും സംഗീതക്കാരത്തികളും ഇന്നുവരെ അവരുടെ വിലാപങ്ങളിൽ യോശീയാവെക്കുറിച്ചു പ്രസ്താവിക്കുന്നു. യിസ്രായേലിൽ അതു ഒരു ചട്ടമാക്കിയിരിക്കുന്നു; അവ വിലാപങ്ങളിൽ എഴുതിയിരിക്കുന്നുവല്ലോ.
26 യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും യഹോവയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരമുള്ള അവന്റെ സൽപ്രവൃത്തികളും ആദ്യവസാനം അവന്റെ ചരിത്രവും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
27