ദിനവൃത്താന്തം 2
അദ്ധ്യായം 10
രെഹബെയാമിനെ രാജാവാക്കേണ്ടതിന്നു യിസ്രായേലെല്ലാം ശെഖേമിൽ വന്നിരുന്നതുകൊണ്ടു അവനും ശെഖേമിൽ ചെന്നു.
2 എന്നാൽ ശലോമോൻ രാജാവിന്റെ സന്നിധിയിൽനിന്നു ഓടിപ്പോയി മിസ്രയീമിൽ പാർത്തിരുന്ന നെബാത്തിന്റെ മകനായ യൊരോബെയാം അതു കേട്ടിട്ടു മിസ്രയീമിൽനിന്നു മടങ്ങിവന്നു.
3 അവർ ആളയച്ചു അവനെ വിളിപ്പിച്ചു; യൊരോബെയാമും എല്ലായിസ്രായേലും വന്നു രെഹബെയാമിനോടു:
4 നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെ മേൽ വെച്ചു; ആകയാൽ നിന്റെ അപ്പന്റെ കഠിനവേലയും അവൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറെച്ചുതരേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം എന്നു പറഞ്ഞു.
5 അവൻ അവരോടു: മൂന്നു ദിവസം കഴിഞ്ഞിട്ടു വീണ്ടും എന്റെ അടുക്കൽ വരുവിൻ എന്നു പറഞ്ഞു. അങ്ങനെ ജനം പോയി.
6 രെഹബെയാംരാജാവു തന്റെ അപ്പനായ ശലോമോൻ ജീവനോടിരിക്കുമ്പോൾ അവന്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോടു ആലോചിച്ചു: ഈ ജനത്തോടു ഉത്തരം പറയേണ്ടതിന്നു നിങ്ങൾ എന്താലോചന പറയുന്നു എന്നു ചോദിച്ചു.
7 അതിന്നു അവർ അവനോടു നീ ജനത്തോടു ദയ കാണിച്ചു അവരെ പ്രസാദിപ്പിച്ചു അവരോടു നല്ല വാക്കു പറഞ്ഞാൽ അവർ എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു.
8 എന്നാൽ വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചന അവൻ ത്യജിച്ചു, തന്നോടുകൂടെ വളർന്നവരായി തന്റെ മുമ്പിൽ നില്ക്കുന്ന യൌവനക്കാരോടു ആലോചിച്ചു:
9 നിന്റെ അപ്പൻ ഞങ്ങളുടെ മേൽ വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്നിങ്ങനെ എന്നോടു സംസാരിച്ചിട്ടുള്ള ഈ ജനത്തോടും നാം ഉത്തരം പറയേണ്ടതിന്നു നിങ്ങൾ എന്താലോചന പറയുന്നു എന്നു അവരോടു ചോദിച്ചു.
10 അവനോടു കൂടെ വളർന്നിരുന്ന യൌവനക്കാർ അവനോടു: നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു: നീ അതു ഭാരം കുറെച്ചുതരേണം എന്നു നിന്നോടു പറഞ്ഞ ജനത്തോടു: എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരയേക്കാൾ വണ്ണമുള്ളതായിരിക്കും.
11 എന്റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകം വെച്ചിരിക്കെ ഞാൻ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ നിങ്ങളെ തേളിനെക്കൊണ്ടു ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു.
12 മൂന്നാം ദിവസം വീണ്ടും എന്റെ അടുക്കൽ വരുവിൻ എന്നു രാജാവു പറഞ്ഞതു പോലെ യൊരോബെയാമും സകലജനവും മൂന്നാം ദിവസം രെഹബെയാമിന്റെ അടുക്കൽവന്നു.
13 എന്നാൽ രാജാവു അവരോടു കഠിനമായിട്ടു ഉത്തരം പറഞ്ഞു; രെഹബെയാംരാജാവു വൃദ്ധന്മാരുടെ ആലോചന ത്യജിച്ചു
14 യൌവനക്കാരുടെ ആലോചനപ്രകാരം അവരോടു: എന്റെ അപ്പൻ ഭാരമുള്ള നുകം നിങ്ങളുടെമേൽ വെച്ചു; ഞാനോ അതിന്നു ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളിനെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നു ഉത്തരം പറഞ്ഞു.
15 ഇങ്ങനെ രാജാവു ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശീലോന്യനായ അഹീയാമുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോടു അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന്നു ഈ കാര്യം ദൈവഹിതത്താൽ സംഭവിച്ചു.
16 രാജാവു തങ്ങളുടെ അപേക്ഷ കേൾക്കയില്ല എന്നു എല്ലായിസ്രായേലും കണ്ടപ്പോൾ ജനം രാജാവിനോടു: ദാവീദിങ്കൽ ഞങ്ങൾക്കു എന്തോഹരിയുള്ളു? യിശ്ശായിയുടെ പുത്രങ്കൽ ഞങ്ങൾക്കു അവകാശം ഇല്ലല്ലോ; യിസ്രായേലേ, ഓരോരുത്തൻ താന്താന്റെ കൂടാരത്തിലേക്കു പൊയ്ക്കൊൾവിൻ; ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊൾക എന്നു ഉത്തരം പറഞ്ഞു യിസ്രായേലൊക്കെയും തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.
17 യെഹൂദാനഗരങ്ങളിൽ പാർത്തിരുന്ന യിസ്രായേല്യർക്കോ രെഹബെയാം രാജാവായ്തീർന്നു.
18 പിന്നെ രെഹബെയാംരാജാവു ഊഴിയവേലകൂ മേൽവിചാരകനായ ഹദോരാമിനെ അയച്ചു; എന്നാൽ യിസ്രായേല്യർ അവനെ കല്ലെറിഞ്ഞു കൊന്നു കളഞ്ഞു; രെഹബെയാംരാജാവു വേഗത്തിൽ രഥം കയറി യെരൂശലേമിലേക്കു ഓടിപ്പോയി.
19 ഇങ്ങനെ യിസ്രായേൽ ഇന്നുവരെ ദാവീദ് ഗൃഹത്തോടു മത്സരിച്ചുനില്ക്കുന്നു.