ദിനവൃത്താന്തം 2
അദ്ധ്യായം 29
യെഹിസ്കീയാവു ഇരുപത്തഞ്ചാം വയസ്സിൽ വാഴ്ച തുടങ്ങി; ഇരുപത്തൊമ്പതു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു അബീയാ എന്നു പേർ. അവൾ സെഖയ്യാവിന്റെ മകൾ ആയിരുന്നു.
2 അവൻ തന്റെ അപ്പനായ ദാവീദ് ചെയ്തതു പോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.
3 അവൻ തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ ഒന്നാം മാസത്തിൽ യഹോവയുടെ ആലയത്തിന്റെ വാതിലുകൾ തുറന്നു അറ്റകുറ്റം തീർത്തു.
4 അവൻ പുരോഹിതന്മാരെയും ലേവ്യരെയും വരുത്തി കിഴക്കെ വിശാലസ്ഥലത്തു ഒന്നിച്ചുകൂട്ടി അവരോടു പറഞ്ഞതെന്തെന്നാൽ:
5 ലേവ്യരേ, എന്റെ വാക്കു കേൾപ്പിൻ, ഇപ്പോൾ നിങ്ങൾ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചു നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയത്തെയും ശുദ്ധീകരിച്ചു വിശുദ്ധമന്ദിരത്തിൽനിന്നു മലിനത നീക്കിക്കളവിൻ.
6 നമ്മുടെ പിതാക്കന്മാർ അകൃത്യം ചെയ്തു, നമ്മുടെ ദൈവമായ യഹോവെക്കു അനിഷ്ടമായുള്ളതു പ്രവർത്തിച്ചു അവനെ ഉപേക്ഷിക്കയും യഹോവയുടെ നിവാസത്തിങ്കൽനിന്നു മുഖം തിരിച്ചു അതിന്നു പുറം കാട്ടുകയും ചെയ്തുവല്ലോ.
7 അവർ മണ്ഡപത്തിന്റെ വാതിലുകൾ അടെച്ചു, വിളക്കു കെടുത്തി, വിശുദ്ധമന്ദിരത്തിൽ യിസ്രായേലിന്റെ ദൈവത്തിന്നു ധൂപം കാണിക്കാതെയും ഹോമയാഗം കഴിക്കാതെയും ഇരുന്നു.
8 അതുകൊണ്ടു യഹോവയുടെ കോപം യെഹൂദയുടെയും യെരൂശലേമിന്റെയും മേൽ വന്നു; നിങ്ങൾ സ്വന്തകണ്ണാൽ കാണുന്നതുപോലെ അവൻ അവരെ നടുക്കത്തിന്നും അമ്പരപ്പിന്നും ഹാസ്യത്തിന്നും വിഷയമാക്കിത്തീർത്തിരിക്കുന്നു.
9 നമ്മുടെ പിതാക്കന്മാർ വാളിനാൽ വീഴുകയും, നമ്മുടെ പുത്രന്മാരും പുത്രിമാരും നമ്മുടെ ഭാര്യമാരും ഇതുനിമിത്തം പ്രവാസത്തിൽ ആകയും ചെയ്തിരിക്കുന്നു.
10 ഇപ്പോൾ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറേണ്ടതിന്നു അവനോടു ഒരു നിയമം ചെയ്‍വാൻ എനിക്കു താല്പര്യം ഉണ്ടു.
11 എന്റെ മക്കളേ, ഇപ്പോൾ ഉപേക്ഷ കാണിക്കരുതു; തന്നെ ശുശ്രൂഷിക്കേണ്ടതിന്നു തന്റെ സന്നിധിയിൽ നില്പാനും തനിക്കു ശുശ്രൂഷക്കാരായി ധൂപം കാട്ടുവാനും യഹോവ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നുവല്ലോ.
12 അപ്പോൾ കെഹാത്യരിൽ അമാസായിയുടെ മകൻ മഹത്ത്, അസർയ്യാവിന്റെ മകൻ യോവേൽ, മെരാർയ്യരിൽ അബ്ദിയുടെ മകൻ കീശ്, യെഹല്ലെലേലിന്റെ മകൻ അസർയ്യാവു; ഗേർശോന്യരിൽ സിമ്മയുടെ മകൻ യോവാഹ്,
13 യോവാഹിന്റെ മകൻ ഏദെൻ; എലീസാ ഫാന്യരിൽ സിമ്രി, യെയൂവേൽ; ആസാഫ്യരിൽ സെഖർയ്യാവു, മത്ഥന്യാവു;
14 ഹേമാന്യരിൽ യെഹൂവേൽ, ശിമെയി; യെദൂഥൂന്യരിൽ ശിമയ്യാവു, ഉസ്സീയേൽ എന്നീ ലേവ്യർ എഴുന്നേറ്റു.
15 തങ്ങളുടെ സഹോദരന്മാരെ ഒന്നിച്ചു കൂട്ടി തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു യഹോവയുടെ വചനപ്രകാരം രാജാവിന്റെ കല്പന അനുസരിച്ചു യഹോവയുടെ ആലയത്തെ വെടിപ്പാക്കുവാൻ വന്നു.
16 പുരോഹിതന്മാർ യഹോവയുടെ ആലയത്തിന്റെ അകം വെടിപ്പാക്കുവാൻ അതിൽ കടന്നു യഹോവയുടെ ആലയത്തിൽ കണ്ട മലിനതയൊക്കെയും പുറത്തു യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ കൊണ്ടുവന്നു; ലേവ്യർ അതു കൊണ്ടു പോയി കിദ്രോൻ തോട്ടിൽ ഇട്ടുകളഞ്ഞു.
17 ഒന്നാം മാസം ഒന്നാം തിയ്യതി അവർ വിശുദ്ധീകരിപ്പാൻ തുടങ്ങി; എട്ടാം തിയ്യതി അവർ യഹോവയുടെ മണ്ഡപത്തിങ്കൽ എത്തി; ഇങ്ങനെ അവർ എട്ടുദിവസംകൊണ്ടു യഹോവയുടെ ആലയം വിശുദ്ധീകരിച്ചു; ഒന്നാം മാസം പതിനാറാം തിയ്യതി തീർത്തു,
18 യെഹിസ്കീയാരാജാവിന്റെ അടുക്കൽ അകത്തു ചെന്നു; ഞങ്ങൾ യഹോവയുടെ ആലയം മുഴുവനും ഹോമപീഠവും അതിന്റെ ഉപകരണങ്ങൾ ഒക്കെയും കാഴ്ചയപ്പത്തിന്റെ മേശയും അതിന്റെ ഉപകരണങ്ങൾ ഒക്കെയും വെടിപ്പാക്കി,
19 ആഹാസ്‌രാജാവു തന്റെ വാഴ്ചകാലത്തു തന്റെ ദ്രോഹത്താൽ നീക്കിക്കളഞ്ഞ ഉപകരണങ്ങൾ ഒക്കെയും നന്നാക്കി വിശുദ്ധീകരിച്ചിരിക്കുന്നു; അവ യഹോവയുടെ യാഗപീഠത്തിൻ മുമ്പിൽ ഉണ്ടു എന്നു പറഞ്ഞു.
20 യെഹിസ്കീയാരാജാവു കാലത്തെ എഴുന്നേറ്റു നഗരാധിപതികളെ കൂട്ടി യഹോവയുടെ ആലയത്തിലേക്കു ചെന്നു.
21 അവർ രാജത്വത്തിന്നും വിശുദ്ധമന്ദിരത്തിന്നും യെഹൂദെക്കും വേണ്ടി ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഏഴു കുഞ്ഞാടിനെയും പാപയാഗത്തിന്നായിട്ടു ഏഴു വെള്ളാട്ടുകൊറ്റനെയും കൊണ്ടുവന്നു; അവയെ യഹോവയുടെ യാഗപീഠത്തിന്മേൽ യാഗംകഴിപ്പാൻ അവൻ അഹരോന്യരായ പുരോഹിതന്മാരോടു കല്പിച്ചു.
22 അങ്ങനെ അവർ കാളകളെ അറുത്തു; പുരോഹിതന്മാർ രക്തം വാങ്ങി യാഗപീഠത്തിന്മേൽ തളിച്ചു; ആട്ടുകൊറ്റന്മാരെ അറുത്തു രക്തം യാഗപീഠത്തിന്മേൽ തളിച്ചു. കുഞ്ഞാടുകളെ അറുത്തു രക്തം യാഗപീഠത്തിന്മേൽ തളിച്ചു.
23 പിന്നെ അവർ പാപയാഗത്തിന്നുള്ള വെള്ളാട്ടുകൊറ്റന്മാരെ രാജാവിന്റെയും സഭയുടെയും മുമ്പിൽ കൊണ്ടുവന്നു; അവർ അവയുടെമേൽ കൈവെച്ചു.
24 പുരോഹിതന്മാർ അവയെ അറുത്തു എല്ലായിസ്രായേലിന്നും പ്രായശ്ചിത്തം വരുത്തേണ്ടതിന്നു അവയുടെ രക്തം യാഗപീഠത്തിന്മേൽ പാപയാഗമായി അർപ്പിച്ചു; എല്ലായിസ്രായേലിന്നും വേണ്ടി ഹോമയാഗവും പാപയാഗവും കഴിക്കേണം എന്നു രാജാവു കല്പിച്ചിരുന്നു.
25 അവൻ ദാവീദിന്റെയും രാജാവിന്റെ ദർശകനായ ഗാദിന്റെയും നാഥാൻ പ്രവാചകന്റെയും കല്പനപ്രകാരം ലേവ്യരെ കൈത്താളങ്ങളോടും വീണകളോടും കിന്നരങ്ങളോടും കൂടെ യഹോവയുടെ ആലയത്തിൽ നിർത്തി; അങ്ങനെ പ്രവാചകന്മാർമുഖാന്തരം യഹോവ കല്പിച്ചിരുന്നു.
26 ലേവ്യർ ദാവീദിന്റെ വാദ്യങ്ങളോടും പുരോഹിതന്മാർ കാഹളങ്ങളോടുംകൂടെ നിന്നു.
27 പിന്നെ യെഹിസ്കീയാവു യാഗപീഠത്തിന്മേൽ ഹോമയാഗം കഴിപ്പാൻ കല്പിച്ചു. ഹോമയാഗം തുടങ്ങിയപ്പോൾ തന്നേ അവർ കാഹളങ്ങളോടും യിസ്രായേൽരാജാവായ ദാവീദിന്റെ വാദ്യങ്ങളോടും കൂടെ യഹോവെക്കു പാട്ടുപാടുവാൻ തുടങ്ങി.
28 ഉടനെ സർവ്വസഭയും നമസ്കരിച്ചു, സംഗീതക്കാർ പാടുകയും കാഹളക്കാർ ഊതുകയും ചെയ്തു; ഇതൊക്കെയും ഹോമയാഗം കഴിയുന്നതുവരെ ചെയ്തുകൊണ്ടിരുന്നു.
29 യാഗം കഴിച്ചു തീർന്നപ്പോൾ രാജാവും കൂടെ ഉണ്ടായിരുന്ന എല്ലാവരും വണങ്ങി നമസ്കരിച്ചു.
30 പിന്നെ യെഹിസ്കീയാരാജാവും പ്രഭുക്കന്മാരും ലേവ്യരോടു ദാവീദിന്റെയും ആസാഫ് ദർശകന്റെയും വചനങ്ങളാൽ യഹോവെക്കു സ്തോത്രം ചെയ്‍വാൻ കല്പിച്ചു. അവൻ സന്തോഷത്തോടെ സ്തോത്രം ചെയ്തു തല കുനിച്ചു നമസ്കരിച്ചു.
31 നിങ്ങൾ ഇപ്പോൾ യഹോവെക്കു നിങ്ങളെത്തന്നേ നിവേദിച്ചിരിക്കുന്നു; അടുത്തുവന്നു യഹോവയുടെ ആലയത്തിൽ ഹനനയാഗങ്ങളും സ്തോത്രയാഗങ്ങളും കൊണ്ടുവരുവിൻ എന്നു യെഹിസ്കീയാവു പറഞ്ഞു; അങ്ങനെ സഭ ഹനനയാഗങ്ങളും സ്തോത്രയാഗങ്ങളും നല്ല മനസ്സുള്ളവർ എല്ലാവരും ഹോമയാഗങ്ങളും കൊണ്ടുവന്നു.
32 സഭ കൊണ്ടുവന്ന ഹോമയാഗങ്ങളുടെ എണ്ണം കാള എഴുപതു, ആട്ടുകൊറ്റൻ നൂറു, കുഞ്ഞാടു ഇരുനൂറു; ഇവയൊക്കെയും യഹോവെക്കു മഹായാഗത്തിന്നായിരുന്നു.
33 നിവേദിതവസ്തുക്കളോ അറുനൂറു കാളയും മൂവായിരം ആടും ആയിരുന്നു.
34 പുരോഹിതന്മാർ ചുരുക്കമായിരുന്നതിനാൽ ഹോമയാഗങ്ങളെല്ലം തോലുരിപ്പാൻ അവർക്കു കഴിഞ്ഞില്ല; അതുകൊണ്ടു അവരുടെ സഹോദരന്മാരായ ലേവ്യർ ആ വേല തീരുവോളവും പുരോഹിതന്മാരൊക്കെയും തങ്ങളെത്തന്നേ വിശുദ്ധീകരിക്കുവോളവും അവരെ സഹായിച്ചു; തങ്ങളെത്തന്നേ വിശുദ്ധീകരിക്കുന്നതിൽ ലേവ്യർ പുരോഹിതന്മാരെക്കാൾ അധികം ഉത്സാഹമുള്ളവരായിരുന്നു.
35 ഹോമയാഗങ്ങൾ സമാധാനയാഗങ്ങൾക്കുള്ള മേദസ്സിനോടും ഹോമയാഗങ്ങൾക്കുള്ള പാനീയയാഗങ്ങളോടും കൂടെ അനവധി ആയിരുന്നു. ഇങ്ങനെ യഹോവയുടെ ആലയത്തിലെ ആരാധന യഥാസ്ഥാനത്തായി.
36 ദൈവം ജനത്തിന്നു ഒരുക്കിക്കൊടുത്തതിൽ യെഹിസ്കീയാവും സകലജനവും സന്തോഷിച്ചു; കാര്യം ക്ഷണത്തിലല്ലോ നടന്നതു.