യോഹന്നാൻ
അദ്ധ്യായം 19
അനന്തരം പീലാത്തൊസ് യേശുവിനെ കൊണ്ടുപോയി വാറുകൊണ്ടു അടിപ്പിച്ചു.
2 പടയാളികൾ മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽ വെച്ചു ധൂമ്രവസ്ത്രം ധിരിപ്പിച്ചു.
3 അവന്റെ അടുക്കൽ ചെന്നു: യെഹൂദന്മാരുടെ രാജാവേ, ജയ ജയ എന്നു പറഞ്ഞു അവനെ കന്നത്തടിച്ചു.
4 പീലാത്തൊസ് പിന്നെയും പുറത്തു വന്നു: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല എന്നു നിങ്ങൾ അറിയേണ്ടതിന്നു അവനെ നിങ്ങളുടെ അടുക്കൽ ഇതാ, പുറത്തു കൊണ്ടുവരുന്നു എന്നു പറഞ്ഞു.
5 അങ്ങനെ യേശു മുൾക്കിരീടവും ധൂമ്രവസ്ത്രവും ധരിച്ചു പുറത്തു വന്നു. പീലാത്തൊസ് അവരോടു: ആ മനുഷ്യൻ ഇതാ എന്നു പറഞ്ഞു.
6 മഹാപുരോഹിതന്മാരും ചേവകരും അവനെ കണ്ടപ്പോൾ: ക്രൂശിക്ക, ക്രൂശിക്ക, എന്നു ആർത്തുവിളിച്ചു. പീലാത്തൊസ് അവരോടു: നിങ്ങൾ അവനെ കൊണ്ടുപോയി ക്രൂശിപ്പിൻ: ഞാനോ അവനിൽ കുറ്റം കാണുന്നില്ല എന്നു പറഞ്ഞു.
7 യെഹൂദന്മാർ അവനോടു: ഞങ്ങൾക്കു ഒരു ന്യായപ്രമാണം ഉണ്ടു; അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു.
8 ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് ഏറ്റവും ഭയപ്പെട്ടു,
9 പിന്നെയും ആസ്ഥാനത്തിൽ ചെന്നു; നീ എവിടെ നിന്നു ആകുന്നു എന്നു യേശുവിനോടു ചോദിച്ചു.
10 യേശു ഉത്തരം പറഞ്ഞില്ല. പീലാത്തൊസ് അവനോടു: നീ എന്നോടു സംസാരിക്കുന്നില്ലയോ? എനിക്കു നിന്നെ ക്രൂശിപ്പാൻ അധികാരമുണ്ടെന്നും, നിന്നെ വിട്ടയപ്പാൻ അധികാരമുണ്ടെന്നും നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു യേശു അവനോടു:
11 മേലിൽനിന്നു നിനക്കു കിട്ടീട്ടില്ല എങ്കിൽ എന്റെ മേൽ നിനക്കു ഒരധികാരവും ഉണ്ടാകയില്ലായിരുന്നു; അതുകൊണ്ടു എന്നെ നിന്റെ പക്കൽ ഏല്പിച്ചവന്നു അധികം പാപം ഉണ്ടു എന്നു ഉത്തരം പറഞ്ഞു.
12 ഇതു നിമിത്തം പീലാത്തൊസ് അവനെ വിട്ടയപ്പാൻ ശ്രമിച്ചു. യഹൂദന്മാരോ: നീ ഇവനെ വിട്ടയച്ചാൽ കൈസരുടെ സ്നേഹിതൻ അല്ല; തന്നെത്താൻ രാജാവാക്കുന്നവൻ എല്ലാം കൈസരോടു മത്സരിക്കുന്നുവല്ലോ എന്നു ആർത്തു പറഞ്ഞു.
13 ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് യേശുവിനെ പുറത്തു കൊണ്ടുവന്നു, കല്ത്തളമെന്നും എബ്രായ ഭാഷയിൽ ഗബ്ബഥാ എന്നും പേരുള്ള സ്ഥലത്തു ന്യായാസനത്തിൽ ഇരുന്നു.
14 അപ്പോൾ പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണിനേരം ആയിരുന്നു. അവൻ യെഹൂദന്മാരോടു ഇതാ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.
15 അവരോ: കൊന്നുകളക, കൊന്നുകളക; അവനെ ക്രൂശിക്ക എന്നു നിലവിളിച്ചു. നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കേണമോ എന്നു പീലാത്തൊസ് അവരോടു ചോദിച്ചു; അതിന്നു മഹാപുരോഹിതന്മാർ: ഞങ്ങൾക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല എന്നു ഉത്തരം പറഞ്ഞു.
16 അപ്പോൾ അവൻ അവനെ ക്രൂശിക്കേണ്ടതിന്നു അവർക്കു ഏല്പിച്ചുകൊടുത്തു.
17 അവർ യേശുവിനെ കയ്യേറ്റു; അവൻ താൻ തന്നേ ക്രൂശിനെ ചുമന്നുകൊണ്ടു എബ്രായഭാഷയിൽ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി.
18 അവിടെ അവർ അവനെയും അവനോടു കൂടെ വേറെ രണ്ടു ആളുകളെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടവിലുമായി ക്രൂശിച്ചു.
19 പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: നസറായനായ യേശു യെഹൂദന്മാരുടെ രാജാവു എന്നു എഴുതിയിരുന്നു.
20 യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിന്നു സമീപം ആകയാൽ അനേകം യെഹൂദന്മാർ ഈ മേലെഴുത്തു വായിച്ചു. അതു എബ്രായ റോമ യവന ഭാഷകളിൽ എഴുതിയിരുന്നു.
21 ആകയാൽ യെഹൂദന്മാരുടെ മഹാപുരോഹിതന്മാർ പീലാത്തൊസിനോടു: യെഹൂദന്മാരുടെ രാജാവു എന്നല്ല, ഞാൻ യെഹൂദന്മാരുടെ രാജാവു എന്നു അവൻ പറഞ്ഞു എന്നത്രേ എഴുതേണ്ടതു എന്നു പറഞ്ഞു.
22 അതിന്നു പീലാത്തൊസ്: ഞാൻ എഴുതിയതു എഴുതി എന്നു ഉത്തരം പറഞ്ഞു.
23 പടയാളികൾ യേശുവിനെ ക്രൂശിച്ച ശേഷം അവന്റെ വസ്ത്രം എടുത്തു ഓരോ പടയാളിക്കു ഓരോ പങ്കായിട്ടു നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നൽ ഇല്ലാതെ മേൽതൊട്ടു അടിയോളം മുഴുവനും നെയ്തതായിരുന്നു.
24 ഇതു കീറരുതു; ആർക്കു വരും എന്നു ചീട്ടിടുക എന്നു അവർ തമ്മിൽ പറഞ്ഞു. എന്റെ വസ്ത്രം അവർ പകുത്തെടുത്തു എന്റെ അങ്കിക്കായി ചീട്ടിട്ടു എന്നുള്ളതിരുവെഴുത്തിന്നു ഇതിനാൽ നിവൃത്തി വന്നു. പടയാളികൾ ഇങ്ങനെ ഒക്കെയും ചെയ്തു.
25 യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ളെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.
26 യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ടു: സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോടു പറഞ്ഞു.
27 പിന്നെ ശിഷ്യനോടു: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു.
28 അതിന്റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.
29 അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ഈസോപ്പുതണ്ടിന്മേൽ ആക്കി അവന്റെ വായോടു അടുപ്പിച്ചു.
30 യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.
31 അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു.
32 ആകയാൽ പടയാളികൾ വന്നു ഒന്നാമത്തവന്റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്റെയും കാൽ ഒടിച്ചു. അവർ യേശുവിന്റെ അടുക്കൽ വന്നു, അവൻ മരിച്ചുപോയി എന്നു കാൺകയാൽ അവന്റെ കാൽ ഒടിച്ചില്ല. എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.
33
34
35 ഇതു കണ്ടവൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താൻ സത്യം പറയുന്നു എന്നു അവൻ അറിയുന്നു.
36 “അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു.
37 “അവർ കുത്തിയവങ്കലേക്കു നോക്കും” എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു.
38 അനന്തരം, യെഹൂദന്മാരെ പേടിച്ചിട്ടു രഹസ്യത്തിൽ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമത്യയിലെ യോസേഫ് യേശുവിന്റെ ശരീരം എടുത്തു കൊണ്ടുപോകുവാൻ പീലാത്തൊസിനോടു അനുവാദം ചോദിച്ചു. പീലാത്തൊസ് അനുവദിക്കയാൽ അവൻ വന്നു അവന്റെ ശരീരം എടുത്തു.
39 ആദ്യം രാത്രിയിൽ അവന്റെ അടുക്കൽ വന്ന നിക്കൊദേമൊസും ഏകദേശം നൂറുറാത്തൽ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു.
40 അവർ യേശുവിന്റെ ശരീരം എടുത്തു യെഹൂദന്മാർ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവർഗ്ഗത്തോടുകൂടെ ശീലപൊതിഞ്ഞു കെട്ടി.
41 അവനെ ക്രൂശിച്ച സ്ഥലത്തുതന്നേ ഒരു തോട്ടവും ആ തോട്ടത്തിൽ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത പുതിയോരു കല്ലറയും ഉണ്ടായിരുന്നു.
42 ആ കല്ലറ സമീപം ആകകൊണ്ടു അവർ യെഹൂദന്മാരുടെ ഒരുക്കനാൾ നിമിത്തം യേശുവിനെ അവിടെ വച്ചു.