യോഹന്നാൻ

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21


അദ്ധ്യായം 16

നിങ്ങൾ ഇടറിപ്പോകാതിരിപ്പാൻ ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.
2 അവർ നിങ്ങളെ പള്ളിഭ്രഷ്ടർ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു.
3 അവർ പിതാവിനെയും എന്നെയും അറിയായ്കകൊണ്ടു ഇങ്ങനെ ചെയ്യും.
4 അതിന്റെ നാഴിക വരുമ്പോൾ ഞാൻ അതു നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്നു നിങ്ങൾ ഓർക്കേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ആദിയിൽ ഇതു നിങ്ങളോടു പറയാഞ്ഞതു ഞാൻ നിങ്ങളോടുകൂടെ ഇരിക്കകൊണ്ടത്രേ.
5 ഇപ്പോഴോ ഞാൻ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു: നീ എവിടെ പോകുന്നു എന്നു നിങ്ങൾ ആരും എന്നോടു ചോദിക്കുന്നില്ല.
6 എങ്കിലും ഇതു നിങ്ങളോടു സംസാരിക്കകൊണ്ടു നിങ്ങളുടെ ഹൃദയത്തിൽ ദുഃഖം നിറഞ്ഞിരിക്കുന്നു.
7 എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും.
8 അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.
9 അവർ എന്നിൽ വിശ്വസിക്കായ്കകൊണ്ടു പാപത്തെക്കുറിച്ചും
10 ഞാൻ പിതാവിന്റെ അടുക്കൽ പോകയും നിങ്ങൾ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ടു
11 നീതിയെക്കുറിച്ചും ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായവിധിയെക്കുറിച്ചും തന്നേ.
12 ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല.
13 സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.
14 അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.
15 പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതു; അതുകൊണ്ടത്രേ അവൻ എനിക്കുള്ളതിൽ നിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരും എന്നു ഞാൻ പറഞ്ഞതു.
16 കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണും.
17 അവന്റെ ശിഷ്യന്മാരിൽ ചിലർ: കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണും എന്നും പിതാവിന്റെ അടുക്കൽ പോകുന്നു എന്നും അവൻ നമ്മോടു ഈ പറയുന്നതു എന്തു എന്നു തമ്മിൽ ചോദിച്ചു.
18 കുറഞ്ഞോന്നു എന്നു ഈ പറയുന്നതു എന്താകുന്നു? അവൻ എന്തു സംസാരിക്കുന്നു എന്നു നാം അറിയുന്നില്ല എന്നും അവർ പറഞ്ഞു.
19 അവർ തന്നോടു ചോദിപ്പാൻ ആഗ്രഹിക്കുന്നു എന്നു അറിഞ്ഞു യേശു അവരോടു പറഞ്ഞതു: കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണും എന്നു ഞാൻ പറകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ ചോദിക്കുന്നുവോ?
20 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ കരഞ്ഞു വിലപിക്കും; ലോകമോ സന്തോഷിക്കും; നിങ്ങൾ ദുഃഖിക്കും; എന്നാൽ നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും.
21 സ്ത്രീ പ്രസവിക്കുമ്പോൾ തന്റെ നാഴിക വന്നതു കൊണ്ടു അവൾക്കു ദുഃഖം ഉണ്ടു; കുഞ്ഞിനെ പ്രസവിച്ചശേഷമോ ഒരു മനുഷ്യൻ ലോകത്തിലേക്കു പിറന്നിരിക്കുന്ന സന്തോഷം നിമിത്തം അവൾ തന്റെ കഷ്ടം പിന്നെ ഓർക്കുന്നില്ല.
22 അങ്ങനെ നിങ്ങൾക്കു ഇപ്പോൾ ദുഃഖം ഉണ്ടു എങ്കിലും ഞാൻ പിന്നെയും നിങ്ങളെ കാണും; നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ സന്തോഷം ആരും നിങ്ങളിൽ നിന്നു എടുത്തുകളകയില്ല.
23 അന്നു നിങ്ങൾ എന്നോടു ഒന്നും ചോദിക്കയില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും.
24 ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിൻ; എന്നാൽ നിങ്ങളുടെ സന്തോഷം പൂർണ്ണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും.
25 ഇതു ഞാൻ സദൃശമായി നിങ്ങളോടു സംസാരിച്ചിരിക്കുന്നു; എങ്കിലും ഞാൻ ഇനി സദൃശമായി നിങ്ങളോടു സംസാരിക്കാതെ പിതാവിനെ സംബന്ധിച്ചു സ്പഷ്ടമായി നിങ്ങളോടു അറിയിക്കുന്ന നാഴിക വരുന്നു.
26 അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.
27 നിങ്ങൾ എന്നെ സ്നേഹിച്ചു, ഞാൻ പിതാവിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു വിശ്വസിച്ചിരിക്കകൊണ്ടു പിതാവു താനും നിങ്ങളെ സ്നേഹിക്കുന്നു.
28 ഞാൻ പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെട്ടു ലോകത്തിൽ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്റെ അടുക്കൽ പോകുന്നു.
29 അതിന്നു അവന്റെ ശിഷ്യന്മാർ: ഇപ്പോൾ നീ സദൃശം ഒന്നും പറയാതെ സ്പഷ്ടമായി സംസാരിക്കുന്നു.
30 നീ സകലവും അറിയുന്നു എന്നും ആരും നിന്നോടു ചോദിപ്പാൻ നിനക്കു ആവശ്യം ഇല്ല എന്നും ഞങ്ങൾ ഇപ്പോൾ അറിയുന്നു; ഇതിനാൽ നീ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു ഞങ്ങൾ വിശ്വസിക്കുന്നു എന്നു പറഞ്ഞു.
31 യേശു അവരോടു: ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നുവോ?
32 നിങ്ങൾ ഓരോരുത്തൻ താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവു എന്നോടുകൂടെ ഉള്ളതു കൊണ്ടു ഞാൻ ഏകനല്ല താനും.
33 നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.