രാജാക്കന്മാർ 2
അദ്ധ്യായം 6
പ്രവാചകശിഷ്യന്മാർ എലീശയോടു: ഞങ്ങൾ പാർക്കുന്ന ഈ സ്ഥലം ഞങ്ങൾക്കു തീരെ ഇടുക്കമായിരിക്കുന്നു എന്നു നീ കാണുന്നുവല്ലോ.
2 ഞങ്ങൾ യോർദ്ദാനോളം ചെന്നു അവിടെനിന്നു ഓരോരുത്തൻ ഓരോ മരം കൊണ്ടുവന്നു ഞങ്ങൾക്കു പാർക്കേണ്ടതിന്നു ഒരു സ്ഥലം ഉണ്ടാക്കട്ടെ എന്നു ചോദിച്ചു. പോകുവിൻ എന്നു അവൻ പറഞ്ഞു.
3 അവരിൽ ഒരുത്തൻ: ദയചെയ്തു അടിയങ്ങളോടുകൂടെ പോരേണമേ എന്നു അപേക്ഷിച്ചതിന്നു പോരാം എന്നു അവൻ പറഞ്ഞു.
4 അങ്ങനെ അവൻ അവരോടുകൂടെ പോയി; അവർ യോർദ്ദാങ്കൽ എത്തി മരംമുറിച്ചു.
5 എന്നാൽ ഒരുത്തൻ മരം മുറിക്കുമ്പോൾ കോടാലി ഊരി വെള്ളത്തിൽ വീണു; അയ്യോ കഷ്ടം; യജമാനനേ, അതു വായിപ്പ വാങ്ങിയതായിരുന്നു എന്നു അവൻ നിലവിളിച്ചു.
6 അതു എവിടെ വീണു എന്നു ദൈവപുരുഷൻ ചോദിച്ചു; അവൻ ആ സ്ഥലം അവനെ കാണിച്ചു; അവൻ ഒരു കോൽ വെട്ടി അവിടെ എറിഞ്ഞു; ആ ഇരിമ്പു പൊങ്ങിവന്നു.
7 അതു എടുത്തുകൊൾക എന്നു അവൻ പറഞ്ഞു. അവൻ കൈ നീട്ടി അതു എടുത്തു.
8 അനന്തരം അരാംരാജാവിന്നു യിസ്രായേലിനോടു യുദ്ധം ഉണ്ടായി; ഇന്നിന്ന സ്ഥലത്തു പാളയം ഇറങ്ങേണം എന്നിങ്ങനെ അവൻ തന്റെ ഭൃത്യന്മാരുമായി ആലോചന കഴിച്ചു.
9 എന്നാൽ ദൈവപുരുഷൻ യിസ്രായേൽരാജാവിനോടു: ഇന്ന സ്ഥലത്തുകൂടി കടക്കാതിരിപ്പാൻ സൂക്ഷിക്ക; അരാമ്യർ അവിടേക്കു വരുന്നുണ്ടു എന്നു പറയിച്ചു.
10 ദൈവപുരുഷൻ പറഞ്ഞും പ്രബോധിപ്പിച്ചും ഇരുന്ന സ്ഥലത്തേക്കു യിസ്രായേൽ രാജാവു ആളയച്ചു; അങ്ങനെ അവൻ ഒരു പ്രാവശ്യമല്ല, രണ്ടു പ്രാവശ്യവുമല്ല തന്നെത്താൻ രക്ഷിച്ചതു.
11 ഇതു ഹേതുവായി അരാംരാജാവിന്റെ മനസ്സു ഏറ്റവും കലങ്ങി; അവൻ ദൃത്യന്മാരെ വിളിച്ചു അവരോടു: നമ്മുടെ കൂട്ടത്തിൽ യിസ്രായേൽ രാജാവിന്റെ പക്ഷക്കാരൻ ആരെന്നു നിങ്ങൾ പറഞ്ഞു തരികയില്ലയോ എന്നു ചോദിച്ചു.
12 അവന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: യജമാനനായ രാജാവേ, കാര്യം അങ്ങനെയല്ല; നീ ശയനഗൃഹത്തിൽ സംസാരിക്കുന്ന വാക്കുകൾ യിസ്രായേലിലെ പ്രവാചകനായ എലീശാ യിസ്രായേൽരാജാവിനെ അറിയിക്കുന്നു എന്നു പറഞ്ഞു.
13 നിങ്ങൾ ചെന്നു അവൻ എവിടെ ഇരിക്കുന്നു എന്നു നോക്കുവിൻ; ഞാൻ ആളയച്ചു അവനെ പിടിപ്പിക്കും എന്നു അവൻ കല്പിച്ചു. അവൻ ദോഥാനിൽ ഉണ്ടെന്നു അവന്നു അറിവുകിട്ടി.
14 അവൻ അവിടേക്കു ശക്തിയുള്ള സൈന്യത്തെ കുതിരകളും രഥങ്ങളുമായി അയച്ചു; അവർ രാത്രിയിൽ ചെന്നു പട്ടണം വളഞ്ഞു.
15 ദൈവപുരുഷന്റെ ബാല്യക്കാരൻ രാവിലെ എഴുന്നേറ്റു പുറത്തിറങ്ങിയപ്പോൾ ഒരു സൈന്യം കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു; ബാല്യക്കാരൻ അവനോടു: അയ്യോ യജമാനനേ, നാം എന്തു ചെയ്യും എന്നു പറഞ്ഞു.
16 അതിന്നു അവൻ: പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടു കൂടെയുള്ളവരെക്കാൾ അധികം എന്നു പറഞ്ഞു.
17 പിന്നെ എലീശാ പ്രാർത്ഥിച്ചു: യഹോവേ, ഇവൻ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു മല നിറഞ്ഞിരിക്കുന്നതു അവൻ കണ്ടു.
18 അവർ അവന്റെ അടുക്കൽ വന്നപ്പോൾ എലീശാ യഹോവയോടു പ്രാർത്ഥിച്ചു: ഈ ജാതിയെ അന്ധത പിടിപ്പിക്കേണമേ എന്നു പറഞ്ഞു. എലീശയുടെ അപേക്ഷപ്രകാരം അവൻ അവരെ അന്ധത പിടിപ്പിച്ചു.
19 എലീശാ അവരോടു: ഇതല്ല വഴി; പട്ടണവും ഇതല്ല; എന്റെ പിന്നാലെ വരുവിൻ; നിങ്ങൾ അന്വേഷിക്കുന്ന ആളുടെ അടുക്കൽ ഞാൻ നിങ്ങളെ കൊണ്ടുപോകാം എന്നു പറഞ്ഞു. അവൻ അവരെ ശമര്യയിലേക്കു കൂട്ടിക്കൊണ്ടുപോയി
20 ശമര്യയിൽ എത്തിയപ്പോൾ എലീശാ: യഹോവേ, കാണത്തക്കവണ്ണം ഇവരുടെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ അവരുടെ കണ്ണു തുറന്നു; അവർ നോക്കിയപ്പോൾ തങ്ങൾ ശമര്യയുടെ നടുവിൽ നില്ക്കുന്നതുകണ്ടു.
21 യിസ്രായേൽരാജാവു അവരെ കണ്ടിട്ടു എലീശയോടു: എന്റെ പിതാവേ, വെട്ടിക്കളയട്ടെ ഞാൻ ഇവരെ വെട്ടിക്കളയട്ടെ എന്നു ചോദിച്ചു.
22 അതിന്നു അവൻ: വെട്ടിക്കളയരുതു; നിന്റെ വാൾകൊണ്ടും വില്ലുകൊണ്ടും പിടിച്ചവരെ നീ വെട്ടിക്കളയുമോ? ഇവർ തിന്നുകുടിച്ചു തങ്ങളുടെ യജമാനന്റെ അടുക്കൽ പോകേണ്ടതിന്നു അപ്പവും വെള്ളവും അവർക്കു കൊടുക്കുക എന്നു പറഞ്ഞു.
23 അങ്ങനെ അവൻ അവർക്കു വലിയോരു വിരുന്നു ഒരുക്കി; അവർ തിന്നുകുടിച്ചശേഷം അവൻ അവരെ വിട്ടയച്ചു; അവർ തങ്ങളുടെ യജമാനന്റെ അടുക്കൽ പോയി. അരാമ്യപ്പടക്കൂട്ടങ്ങൾ യിസ്രായേൽദേശത്തേക്കു പിന്നെ വന്നില്ല.
24 അതിന്റെശേഷം അരാംരാജാവായ ബെൻ-ഹദദ് തന്റെ സൈന്യത്തെ ഒക്കെയും കൂട്ടി പുറപ്പെട്ടുചെന്നു ശമര്യയെ വളഞ്ഞു.
25 അവർ ശമര്യയെ വളഞ്ഞിരിക്കുമ്പോൾ അവിടെ മഹാക്ഷാമം ഉണ്ടായി; ഒരു കഴുതത്തലെക്കു എണ്പതു വെള്ളിക്കാശും കാൽകബ് പ്രാക്കാഷ്ഠത്തിന്നു അഞ്ചു വെള്ളിക്കാശും വരെ വിലകയറി.
26 ഒരിക്കൽ യിസ്രായേൽരാജാവു മതിലിന്മേൽ നടക്കുമ്പോൾ ഒരു സ്ത്രീ അവനോടു: യജമാനനായ രാജാവേ, രക്ഷിക്കേണമേ എന്നു നിലവിളിച്ചു.
27 അതിന്നു അവൻ: യഹോവ നിന്നെ രക്ഷിക്കുന്നില്ലെങ്കിൽ ഞാൻ എവിടെനിന്നു തന്നു നിന്നെ രക്ഷിക്കേണ്ടു? കളപ്പുരയിൽനിന്നോ മുന്തിരിച്ചക്കിൽനിന്നോ എന്നു ചോദിച്ചു.
28 രാജാവു പിന്നെയും അവളോടു: നിന്റെ സങ്കടം എന്തു എന്നു ചോദിച്ചതിന്നു അവൾ: ഈ സ്ത്രീ എന്നോടു: നിന്റെ മകനെ കൊണ്ടുവാ; ഇന്നു നമുക്കു അവനെ തിന്നാം; നാളെ എന്റെ മകനെ തിന്നാം എന്നു പറഞ്ഞു.
29 അങ്ങനെ ഞങ്ങൾ എന്റെ മകനെ പുഴുങ്ങിത്തിന്നു; പിറ്റെന്നാൾ ഞാൻ അവളോടു: നിന്റെ മകനെ കൊണ്ടുവാ; നമുക്കു അവനെയും തിന്നാം എന്നു പറഞ്ഞാറെ അവൾ തന്റെ മകനെ ഒളിപ്പിച്ചുകളഞ്ഞു എന്നു പറഞ്ഞു.
30 സ്ത്രീയുടെ വാക്കു കേട്ടപ്പോൾ രാജാവു വസ്ത്രം കീറി; അവൻ മതിലിന്മേൽ നടന്നു പോകയായിരുന്നു; ജനം അവനെ നോക്കിയപ്പോൾ അവൻ അകമെ ദേഹം പറ്റെ രട്ടു ഉടുത്തിരിക്കുന്നതു കണ്ടു.
31 ശാഫാത്തിന്റെ മകനായ എലീശയുടെ തല ഇന്നു അവന്റെ ഉടലിന്മേൽ ഇരുന്നാൽ ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു അവൻ പറഞ്ഞു.
32 എലീശാ തന്റെ വീട്ടിൽ മൂപ്പന്മേരോടുകൂടെ ഇരിക്കുമ്പോൾ രാജാവു ഒരാളെ തനിക്കു മുമ്പായി അയച്ചു; ദൂതൻ എലീശയുടെ അടുക്കൽ എത്തുന്നതിന്നു മുമ്പെ അവൻ മൂപ്പന്മാരോടു: എന്റെ തല എടുത്തുകളവാൻ ആ കുലപാതകപുത്രൻ ആളയച്ചിരിക്കുന്നതു നിങ്ങൾ കണ്ടുവോ? നോക്കുവിൻ ദൂതൻ വരുമ്പോൾ നിങ്ങൾ വാതിൽ അടെച്ചു വാതിൽക്കൽ അവനെ തടുത്തുകൊൾവിൻ; അവന്റെ യജമാനന്റെ കാലൊച്ച അവന്റെ പിമ്പിൽ കേൾക്കുന്നുണ്ടല്ലോ എന്നു പറഞ്ഞു.
33 അവൻ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ദൂതൻ അവന്റെ അടുക്കൽ എത്തി; ഇതാ, ഈ അനർത്ഥം യഹോവയാൽ വരുന്നു; ഞാൻ ഇനി യഹോവയെ കാത്തിരിക്കുന്നതു എന്തിന്നു എന്നു രാജാവു പറഞ്ഞു.