രാജാക്കന്മാർ 2
അദ്ധ്യായം 5
അരാംരാജാവിന്റെ സേനാപതിയായ നയമാൻ മുഖാന്തരം യഹോവ അരാമിന്നു ജയം നല്കിയതുകൊണ്ടു അവന്റെ യജമാനൻ അവനെ മഹാനും മാന്യനും ആയി എണ്ണി; അവൻ പരാക്രമശാലി എങ്കിലും കുഷ്ഠരോഗി ആയിരുന്നു.
2 അരാമ്യർ കവർച്ചപ്പടയായി വന്നിരുന്നപ്പോൾ യിസ്രായേൽദേശത്തുനിന്നു ഒരു ചെറിയ പെൺകുട്ടിയെ പിടിച്ചുകൊണ്ടു പോയിരുന്നു; അവൾ നയമാന്റെ ഭാര്യക്കു ശുശ്രൂഷ ചെയ്തുവന്നു.
3 അവൾ തന്റെ യജമാനത്തിയോടു: യജമാനൻ ശമര്യയിലെ പ്രവാചകന്റെ അടുക്കൽ ഒന്നു ചെന്നെങ്കിൽ അവൻ അവന്റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു എന്നു പറഞ്ഞു.
4 അവൻ ചെന്നു തന്റെ യജമാനനോടു: യിസ്രായേൽദേശക്കാരത്തിയായ പെൺകുട്ടി ഇന്നിന്നപ്രകാരം സംസാരിച്ചു എന്നു ബോധിപ്പിച്ചു.
5 നീ പോയി വരിക; ഞാൻ യിസ്രായേൽരാജാവിന്നു ഒരു എഴുത്തു തരാം എന്നു അരാംരാജാവു പറഞ്ഞു. അങ്ങനെ അവൻ പത്തു താലന്തു വെള്ളിയും ആറായിരം ശേക്കെൽ പൊന്നും പത്തു കൂട്ടം വസ്ത്രവും എടുത്തു പുറപ്പെട്ടു.
6 അവൻ യിസ്രായേൽരാജാവിന്റെ അടുക്കൽ എഴുത്തുംകൊണ്ടു ചെന്നു; അതിൽ: ഈ എഴുത്തു കൊണ്ടുവരുന്ന എന്റെ ഭൃത്യൻ നയമാന്റെ കുഷ്ഠരോഗം നീ മാറ്റിക്കൊടുക്കേണ്ടതിന്നു ഞാൻ അവനെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു എഴുതിയിരുന്നു.
7 യിസ്രായേൽരാജാവു എഴുത്തു വായിച്ചപ്പോൾ വസ്ത്രം കീറി: അവൻ ഇതാ, കുഷ്ഠരോഗം മാറ്റിക്കൊടുക്കേണ്ടതിന്നു ഒരാളെ എന്റെ അടുക്കൽ അയച്ചിരിക്കുന്നു! മരിപ്പിക്കയും ജീവിപ്പിക്കയും ചെയ്‍വാൻ ഞാൻ ദൈവമോ? നോക്കുവിൻ, അവൻ ഇതിനാൽ എന്നോടു ശണ്ഠെക്കു കാരണം അന്വേഷിക്കയല്ലയോ എന്നു പറഞ്ഞു.
8 യിസ്രായേൽരാജാവു വസ്ത്രം കീറിക്കളഞ്ഞു എന്നു ദൈവപുരുഷനായ എലീശാ കേട്ടപ്പോൾ രാജാവിന്റെ അടുക്കൽ ആളയച്ചു: നീ വസ്ത്രം കീറിക്കളഞ്ഞതു എന്തു? അവൻ എന്റെ അടുക്കൽ വരട്ടെ; എന്നാൽ യിസ്രായേലിൽ ഒരു പ്രവാചകൻ ഉണ്ടു എന്നു അവൻ അറിയും എന്നു പറയിച്ചു.
9 അങ്ങനെ നയമാൻ രഥത്തോടും കുതിരകളോടുംകൂടെ എലീശയുടെ വീട്ടുവാതിൽക്കൽ വന്നു നിന്നു.
10 എലീശാ ആളയച്ചു: നീ ചെന്നു യോർദ്ദാനിൽ ഏഴു പ്രാവശ്യം കുളിക്ക; അപ്പോൾ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും എന്നു പറയിച്ചു.
11 അപ്പോൾ നയമാൻ ഏറ്റവും ക്രുദ്ധിച്ചു പുറപ്പെട്ടു: അവൻ തന്നേ പുറത്തുവന്നു അടുത്തുനിന്നു തന്റെ ദൈവമായ യഹോവയുടെ നാമത്തെ വിളിച്ചു പ്രാർത്ഥിച്ചു തന്റെ കൈ ആ സ്ഥലത്തിന്മീതെ ആട്ടി ഇങ്ങനെ കുഷ്ഠരോഗിയെ സൌഖ്യമാക്കും എന്നു ഞാൻ വിചാരിച്ചു.
12 ദമ്മേശെക്കിലെ നദികളായ അബാനയും പർപ്പരും യിസ്രായേൽദേശത്തിലെ എല്ലാ വെള്ളങ്ങളെക്കാളും നല്ലതല്ലയോ? എനിക്കു അവയിൽ കുളിച്ചു ശുദ്ധനാകരുതോ എന്നു പറഞ്ഞു അവൻ ക്രോധത്തോടെ പോയി.
13 എന്നാൽ അവന്റെ ഭൃത്യന്മാർ അടുത്തു വന്നു അവനോടു: പിതാവേ, പ്രവാചകൻ വലിയോരു കാര്യം നിന്നോടു കല്പിച്ചിരുന്നുവെങ്കിൽ നീ ചെയ്യാതെ ഇരിക്കുമോ? പിന്നെ അവൻ: കുളിച്ചു ശുദ്ധനാക എന്നു നിന്നോടു കല്പിച്ചാൽ എത്ര അധികം എന്നു പറഞ്ഞു.
14 അപ്പോൾ അവൻ ചെന്നു ദൈവപുരുഷന്റെ വചനപ്രകാരം യോർദ്ദാനിൽ ഏഴു പ്രാവശ്യം മുങ്ങി; അവന്റെ ദേഹം ചെറിയ ബാലന്റെ ദേഹം പോലെ ആയി; അവൻ ശുദ്ധനായ്തീർന്നു.
15 പിന്നെ അവൻ തന്റെ സകലപരിവാരവുമായി ദൈവപുരുഷന്റെ അടുക്കൽ മടങ്ങി വന്നു അവന്റെ മുമ്പാകെ നിന്നു; യിസ്രായേലിൽ അല്ലാതെ ഭൂമിയിൽ എങ്ങും ഒരു ദൈവം ഇല്ല എന്നു ഞാൻ ഇപ്പോൾ അറിയുന്നു; ആകയാൽ അടിയന്റെ കയ്യിൽ നിന്നു ഒരു പ്രതിഗ്രഹം കൈക്കൊള്ളേണമേ എന്നു പറഞ്ഞു.
16 അതിന്നു അവൻ: ഞാൻ സേവിച്ചുനില്ക്കുന്ന യഹോവയാണ, ഞാൻ ഒന്നും കൈക്കൊള്ളുകയില്ല എന്നു പറഞ്ഞു. കൈക്കൊൾവാൻ അവനെ നിർബ്ബന്ധിച്ചിട്ടും അവൻ വാങ്ങിയില്ല.
17 അപ്പോൾ നയമാൻ: എന്നാൽ രണ്ടു കോവർക്കഴുതച്ചുമടു മണ്ണു അടിയന്നു തരുവിക്കേണമേ; അടിയൻ ഇനി യഹോവെക്കല്ലാതെ അന്യദൈവങ്ങൾക്കു ഹോമയാഗവും ഹനനയാഗവും കഴിക്കയില്ല.
18 ഒരു കാര്യത്തിൽ മാത്രം യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ: എന്റെ യജമാനൻ നമസ്കരിപ്പാൻ രിമ്മോന്റെ ക്ഷേത്രത്തിൽ ചെന്നു എന്റെ കൈത്താങ്ങലോടെ കുമ്പിടുമ്പോൾ ഞാനും രിമ്മോന്റെ ക്ഷേത്രത്തിൽ നമസ്കരിച്ചുപോകുന്ന ഈ കാര്യത്തിൽ യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ.
19 അവൻ അവനോടു: സമാധാനത്തോടെ പോക എന്നു പറഞ്ഞു.
20 അവൻ അവനെ വിട്ടു കുറെ ദൂരം പോയശേഷം ദൈവപുരുഷനായ എലീശയുടെ ബാല്യക്കാരൻ ഗേഹസി: അരാമ്യൻ നയമാൻ കൊണ്ടുവന്നതു എന്റെ യജമാനൻ അവന്റെ കയ്യിൽനിന്നു വാങ്ങാതെ വിട്ടുകളഞ്ഞുവല്ലോ; യഹോവയാണ, ഞാൻ അവന്റെ പിന്നാലെ ഓടിച്ചെന്നു അവനോടു അല്പമെങ്കിലും വാങ്ങുമെന്നു പറഞ്ഞു.
21 അങ്ങനെ അവൻ നയമാനെ പിന്തുടർന്നു. അവൻ തന്റെ പിന്നാലെ ഓടിവരുന്നതു നയമാൻ കണ്ടപ്പോൾ രഥത്തിൽനിന്നിറങ്ങി അവനെ എതിരേറ്റു: സുഖം തന്നെയോ എന്നു ചോദിച്ചു.
22 അതിന്നു അവൻ: സുഖം തന്നേ; ഇപ്പോൾ തന്നേ പ്രവാചകശിഷ്യന്മാരിൽ രണ്ടു യൌവനക്കാർ എഫ്ര്യയീംമലനാട്ടിൽനിന്നു എന്റെ അടുക്കൽ വന്നിരിക്കുന്നു; അവർക്കു ഒരു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും തരേണമേ എന്നു പറവാൻ എന്റെ യജമാനൻ എന്നെ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു.
23 ദയ ചെയ്തു രണ്ടു താലന്തു വാങ്ങേണമേ എന്നു നയമാൻ പറഞ്ഞു. അവൻ അവനെ നിർബ്ബന്ധിച്ചു രണ്ടു സഞ്ചിയിൽ രണ്ടു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും കെട്ടി തന്റെ ബാല്യക്കാരിൽ രണ്ടുപേരുടെ പക്കൽ കൊടുത്തു; അവർ അതു ചുമന്നുകൊണ്ടു അവന്റെ മുമ്പിൽ നടന്നു.
24 കുന്നിന്നരികെ എത്തിയപ്പോൾ അവൻ അതു അവരുടെ കയ്യിൽനിന്നു വാങ്ങി വീട്ടിൽ സൂക്ഷിച്ചു വെച്ചിട്ടു ബാല്യക്കാരെ അയച്ചുകളഞ്ഞു; അവർ പോകയും ചെയ്തു.
25 പിന്നെ അവൻ അകത്തു കടന്നു യജമാനന്റെ മുമ്പിൽനിന്നു. എന്നാറെ എലീശാ അവനോടു: ഗേഹസിയേ, നീ എവിടെ പോയിരുന്നു എന്നു ചോദിച്ചു. അടിയൻ എങ്ങും പോയില്ല എന്നു അവൻ പറഞ്ഞു.
26 അതിന്നു അവൻ: ആ പുരുഷൻ രഥത്തിൽനിന്നു ഇറങ്ങി നിന്നെ എതിരേറ്റപ്പോൾ എന്റെ ഹൃദയം നിന്നോടു കൂടെ പോന്നിരുന്നില്ലയോ? ദ്രവ്യം സമ്പാദിപ്പാനും വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോട്ടം, ആടുമാടുകൾ, ദാസീദാസന്മാർ എന്നീവകമേടിപ്പാനും ഇതാകുന്നുവോ സമയം?
27 ആകയാൽ നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിക്കും എന്നേക്കും പിടിച്ചിരിക്കും എന്നു അവനോടു പറഞ്ഞു. അവൻ ഹിമംപോലെ വെളുത്തു കുഷ്ഠരോഗിയായി അവനെ വിട്ടു പുറപ്പെട്ടുപോയി.