ഉല്പത്തി

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50


അദ്ധ്യായം 8

ദൈവം നോഹയെയും അവനോടുകൂടെ പെട്ടകത്തിലുള്ള സകല ജീവികളെയും സകല മൃഗങ്ങളെയും ഓർത്തു; ദൈവം ഭൂമിമേൽ ഒരു കാറ്റ് അടിപ്പിച്ചു; വെള്ളം നിലച്ചു.
2 ആഴിയുടെ ഉറവുകളും ആകാശത്തിന്റെ കിളിവാതിലുകളും അടഞ്ഞു; ആകാശത്തുനിന്നുള്ള മഴയും നിന്നു.
3 വെള്ളം ഇടവിടാതെ ഭൂമിയിൽനിന്ന് ഇറങ്ങിക്കൊണ്ടിരുന്നു; നൂറ്റമ്പതു ദിവസം കഴിഞ്ഞശേഷം വെള്ളം കുറഞ്ഞുതുടങ്ങി.
4 ഏഴാം മാസം പതിനേഴാം തീയതി പെട്ടകം അരാരത്ത് പർവതത്തിൽ ഉറച്ചു.
5 പത്താം മാസംവരെ വെള്ളം ഇടവിടാതെ കുറഞ്ഞു; പത്താം മാസം ഒന്നാം തീയതി പർവതശിഖരങ്ങൾ കാണായി.
6 നാല്പതു ദിവസം കഴിഞ്ഞശേഷം നോഹ താൻ പെട്ടകത്തിന് ഉണ്ടാക്കിയിരുന്ന കിളിവാതിൽ തുറന്നു.
7 അവൻ ഒരു മലങ്കാക്കയെ പുറത്തുവിട്ടു; അതു പുറപ്പെട്ടു ഭൂമിയിൽ വെള്ളം വറ്റിപ്പോയതുവരെ പോയും വന്നും കൊണ്ടിരുന്നു.
8 ഭൂമിയിൽ വെള്ളം കുറഞ്ഞുവോ എന്ന് അറിയേണ്ടതിന് അവൻ ഒരു പ്രാവിനെയും തന്റെ അടുക്കൽനിന്നു പുറത്തുവിട്ടു;
9 എന്നാൽ സർവഭൂമിയിലും വെള്ളം കിടക്കകൊണ്ടു പ്രാവ് കാൽ വയ്പാൻ സ്ഥലം കാണാതെ അവന്റെ അടുക്കൽ പെട്ടകത്തിലേക്കു മടങ്ങിവന്നു; അവൻ കൈ നീട്ടി അതിനെ പിടിച്ചു തന്റെ അടുക്കൽ പെട്ടകത്തിലാക്കി.
10 ഏഴു ദിവസം കഴിഞ്ഞിട്ട് അവൻ വീണ്ടും ആ പ്രാവിനെ പെട്ടകത്തിൽനിന്നു പുറത്തുവിട്ടു.
11 പ്രാവ് വൈകുന്നേരത്ത് അവന്റെ അടുക്കൽ വന്നു; അതിന്റെ വായിൽ അതാ, ഒരു പച്ച ഒലിവില; അതിനാൽ ഭൂമിയിൽ വെള്ളം കുറഞ്ഞു എന്നു നോഹ അറിഞ്ഞു.
12 പിന്നെയും ഏഴു ദിവസം കഴിഞ്ഞിട്ട് അവൻ ആ പ്രാവിനെ പുറത്തുവിട്ടു; അതു പിന്നെ അവന്റെ അടുക്കൽ മടങ്ങിവന്നില്ല.
13 അറുനൂറ്റൊന്നാം സംവത്സരം ഒന്നാം മാസം ഒന്നാം തീയതി ഭൂമിയിൽ വെള്ളം വറ്റിപ്പോയിരുന്നു; നോഹ പെട്ടകത്തിന്റെ മേൽത്തട്ടു നീക്കി, ഭൂതലം ഉണങ്ങിയിരിക്കുന്നു എന്നു കണ്ടു.
14 രണ്ടാം മാസം ഇരുപത്തേഴാം തീയതി ഭൂമി ഉണങ്ങിയിരുന്നു.
15 ദൈവം നോഹയോട് അരുളിച്ചെയ്തത്:
16 നീയും നിന്റെ ഭാര്യയും പുത്രന്മാരും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽനിന്നു പുറത്തിറങ്ങുവിൻ.
17 പറവകളും മൃഗങ്ങളും നിലത്തിഴയുന്ന ഇഴജാതിയുമായ സർവജഡത്തിൽനിന്നും നിന്നോടുകൂടെ ഇരിക്കുന്ന സകല ജീവികളെയും പുറത്തുകൊണ്ടുവരിക; അവ ഭൂമിയിൽ അനവധിയായി വർധിക്കയും പെറ്റുപെരുകുകയും ചെയ്യട്ടെ.
18 അങ്ങനെ നോഹയും അവന്റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പുറത്തിറങ്ങി.
19 സകല മൃഗങ്ങളും ഇഴജാതികളൊക്കെയും എല്ലാ പറവകളും ഭൂചരങ്ങളൊക്കെയും ജാതി ജാതിയായി പെട്ടകത്തിൽനിന്ന് ഇറങ്ങി.
20 നോഹ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു, ശുദ്ധിയുള്ള സകല മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാ പറവകളിലും ചിലത് എടുത്തു യാഗപീഠത്തിന്മേൽ ഹോമയാഗം അർപ്പിച്ചു.
21 യഹോവ സൗരഭ്യവാസന മണത്തപ്പോൾ യഹോവ തന്റെ ഹൃദയത്തിൽ അരുളിച്ചെയ്തത്: ഞാൻ മനുഷ്യന്റെ നിമിത്തം ഇനി ഭൂമിയെ ശപിക്കയില്ല. മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളത് ആകുന്നു; ഞാൻ ചെയ്തതുപോലെ സകല ജീവികളെയും ഇനി നശിപ്പിക്കയില്ല.
22 ഭൂമിയുള്ള കാലത്തോളം വിതയും കൊയ്ത്തും, ശീതവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും നിന്നുപോകയുമില്ല.