കൊരിന്ത്യർ 2
അദ്ധ്യായം 4
അതുകൊണ്ടു ഞങ്ങൾക്കു കരുണ ലഭിച്ചിട്ടു ഈ ശുശ്രൂഷ ഉണ്ടാകയാൽ ഞങ്ങൾ അധൈര്യപ്പെടാതെ
2 ലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ചു ഉപായം പ്രയോഗിക്കാതെയും ദൈവവചനത്തിൽ കൂട്ടു ചേർക്കാതെയും സത്യം വെളിപ്പെടുത്തുന്നതിനാൽ ദൈവസന്നിധിയിൽ സകലമനുഷ്യരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നേ ബോദ്ധ്യമാക്കുന്നു.
3 എന്നാൽ ഞങ്ങളുടെ സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കിൽ നശിച്ചുപോകുന്നവർക്കത്രേ മറഞ്ഞിരിക്കുന്നു.
4 ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.
5 ഞങ്ങളെത്തന്നേ അല്ല, ക്രിസ്തുയേശുവിനെ കർത്താവു എന്നും ഞങ്ങളേയോ യേശു നിമിത്തം നിങ്ങളുടെ ദാസന്മാർ എന്നും അത്രേ ഞങ്ങൾ പ്രസംഗിക്കുന്നതു.
6 ഇരുട്ടിൽ നിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു.
7 എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളതു.
8 ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല;
9 ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവർ എങ്കിലും നശിച്ചുപോകുന്നില്ല;
10 യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ വെളിപ്പെടേണ്ടതിന്നു യേശുവിന്റെ മരണം ശരീരത്തിൽ എപ്പോഴും വഹിക്കുന്നു.
11 ഞങ്ങളുടെ മർത്യശരീരത്തിൽ യേശുവിന്റെ ജീവൻ വെളിപ്പെടേണ്ടതിന്നു ജീവിച്ചിരിക്കുന്ന ഞങ്ങൾ എല്ലായ്പോഴും യേശുനിമിത്തം മരണത്തിൽ ഏല്പിക്കപ്പെടുന്നു.
12 അങ്ങനെ ഞങ്ങളിൽ മരണവും നിങ്ങളിൽ ജീവനും വ്യാപരിക്കുന്നു.
13 “ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതു പോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങൾക്കുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു.
14 കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ ഞങ്ങളെയും യേശുവോടു കൂടെ ഉയിർപ്പിച്ചു നിങ്ങളോടുകൂടെ തിരുസന്നിധിയിൽ നിറുത്തും എന്നു ഞങ്ങൾ അറിയുന്നു.
15 കൃപ പലരിലും പെരുകി ദൈവത്തിന്റെ മഹിമെക്കായി സ്തോത്രം വർദ്ധിപ്പിക്കേണ്ടതിന്നു സകലവും നിങ്ങൾനിമിത്തമല്ലോ ആകുന്നു.
16 അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു.
17 നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു.
18 കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താൽക്കാലികം, കാണാത്തതോ നിത്യം.