യേഹേസ്കേൽ

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48


അദ്ധ്യായം 29

പത്താം ആണ്ടു, പത്താം മാസം, പന്ത്രണ്ടാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2 മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോന്റെ നേരെ മുഖംതിരിച്ചു അവനെക്കുറിച്ചും എല്ലാ മിസ്രയീമിനെക്കുറിച്ചും പ്രവചിച്ചു പറയേണ്ടതെന്തെന്നാൽ:
3 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീംരാജാവായ ഫറവോനേ, തന്റെ നദികളുടെ നടുവിൽ കിടന്നു: ഈ നദി എനിക്കുള്ളതാകുന്നു; ഞാൻ അതിനെ എനിക്കായിട്ടുണ്ടാക്കിയിരിക്കുന്നു എന്നു പറയുന്ന മഹാനക്രമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു.
4 ഞാൻ നിന്റെ ചെകിളയിൽ ചൂണ്ടൽ കൊളുത്തി നിന്റെ നദികളിലെ മത്സ്യങ്ങളെ നിന്റെ ചെതുമ്പലിൽ പറ്റുമാറാക്കി നിന്നെ നിന്റെ നദികളുടെ നടുവിൽനിന്നു വലിച്ചുകയറ്റും; നിന്റെ നദികളിലെ മത്സ്യം ഒക്കെയും നിന്റെ ചെതുമ്പലിൽ പറ്റിയിരിക്കും.
5 ഞാൻ നിന്നെയും നിന്റെ നദികളിലെ മത്സ്യങ്ങളെ ഒക്കെയും മരുഭൂമിയിൽ എറിഞ്ഞുകളയും; നീ വെളിമ്പ്രദേശത്തു വീഴും; ആരും നിന്നെ പെറുക്കുകയോ ശേഖരിക്കയോ ചെയ്കയില്ല; ഞാൻ നിന്നെ കാട്ടുമൃഗങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും ഇരയായി കൊടുക്കും.
6 മിസ്രയീംനിവാസികൾ യിസ്രായേൽഗൃഹത്തിന്നു ഒരു ഓടക്കോലായിരുന്നതുകൊണ്ടു അവരൊക്കെയും ഞാൻ യഹോവ എന്നു അറിയും.
7 അവർ നിന്നെ കയ്യിൽ പിടിച്ചപ്പോഴേക്കു നീ ഒടിഞ്ഞു അവരുടെ തോൾ ഒക്കെയും കീറിക്കളഞ്ഞു; അവർ ഊന്നിയപ്പോഴേക്കു നീ ഒടിഞ്ഞു അവരുടെ നടുവൊക്കെയും കുലുങ്ങുമാറാക്കി.
8 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ നേരെ വാൾ വരുത്തി നിങ്കൽനിന്നു മനുഷ്യനെയും മൃഗത്തെയും ഛേദിച്ചുകളയും.
9 മിസ്രയീംദേശം പാഴും ശൂന്യവുമായ്തീരും; ഞാൻ യഹോവ എന്നു അവർ അറിയും; നദി എനിക്കുള്ളതാകുന്നു; ഞാൻ അതിനെ ഉണ്ടാക്കിയിരിക്കുന്നു എന്നു അവൻ പറഞ്ഞുവല്ലോ.
10 അതുകൊണ്ടു ഞാൻ നിനക്കും നിന്റെ നദികൾക്കും വിരോധമായിരുന്നു മിസ്രയീംദേശത്തെ സെവേനെഗോപുരം മുതൽ കൂശിന്റെ അതൃത്തിവരെ അശേഷം പാഴും ശൂന്യവുമാക്കും.
11 മനുഷ്യന്റെ കാൽ അതിൽകൂടി കടന്നുപോകയില്ല; മൃഗത്തിന്റെ കാൽ അതിൽ ചവിട്ടുകയുമില്ല; നാല്പതു സംവത്സരത്തേക്കു അതിൽ നിവാസികൾ ഇല്ലാതെയിരിക്കും.
12 ഞാൻ മിസ്രയീംദേശത്തെ ശൂന്യദേശങ്ങളുടെ കൂട്ടത്തിൽ ശൂന്യമാക്കും; അതിലെ പട്ടണങ്ങൾ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തിൽ നാല്പതു സംവത്സരത്തേക്കു ശൂന്യമായിരിക്കും; ഞാൻ മിസ്രയീമ്യരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു ദേശങ്ങളിൽ ചിതറിച്ചുകളയും.
13 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നാല്പതു സംവത്സരം കഴിഞ്ഞിട്ടു ഞാൻ മിസ്രയീമ്യരെ അവർ ചിന്നിപ്പോയിരിക്കുന്ന ജാതികളിൽനിന്നു ശേഖരിക്കും.
14 ഞാൻ മിസ്രയീമിന്റെ പ്രവാസം മാറ്റി അവരെ അവരുടെ ജന്മദേശമായ പത്രോസ് ദേശത്തേക്കു മടക്കിവരുത്തും; അവിടെ അവർ ഒരു ഹീനരാജ്യമായിരിക്കും.
15 അതു രാജ്യങ്ങളിൽവെച്ചു അതിഹീനമായിരിക്കും; ഇനി ജാതികൾക്കു മേലായി അതു തന്നെത്താൻ ഉയർത്തുകയും ഇല്ല; അവർ ജാതികളുടെമേൽ വാഴാതവണ്ണം ഞാൻ അവരെ കുറെച്ചുകളയും.
16 യിസ്രായേൽഗൃഹം തിരിഞ്ഞു അവരെ നോക്കുമ്പോൾ, അതു ഇനി അവരുടെ അകൃത്യം ഓർപ്പിക്കുന്നതായോരു ശരണമായിരിക്കയില്ല; ഞാൻ യഹോവയായ കർത്താവു എന്നു അവർ അറിയും.
17 ഇരുപത്തേഴാം ആണ്ടു, ഒന്നാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
18 മനുഷ്യപുത്രാ, ബാബേൽരാജാവായ നെബൂഖദ് നേസർ സോരിന്റെ നേരെ തന്റെ സൈന്യത്തെക്കൊണ്ടു വലിയ വേല ചെയ്യിച്ചു; എല്ലാതലയും കഷണ്ടിയായി എല്ലാചുമലും തോലുരിഞ്ഞുപോയി; എങ്കിലും സോരിന്നു വിരോധമായി ചെയ്ത വേലെക്കു അവന്നോ അവന്റെ സൈന്യത്തിന്നോ അവിടെനിന്നു പ്രതിഫലം കിട്ടിയില്ല.
19 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യന്നു: ഞാൻ മിസ്രയീംദേശത്തെ ബാബേൽരാജാവായ നെബൂഖദ്നേസരിന്നു കൊടുക്കും; അവൻ അതിലെ സമ്പത്തു എടുത്തു അതിനെ കൊള്ളയിട്ടു കവർച്ചചെയ്യും; അതു അവന്റെ സൈന്യത്തിന്നു പ്രതിഫലമായിരിക്കും.
20 ഞാൻ അവന്നു മിസ്രയീംദേശത്തെ അവൻ ചെയ്തവേലെക്കു പ്രതിഫലമായി കൊടുക്കുന്നു; അവർ എനിക്കായിട്ടല്ലോ പ്രവർത്തിച്ചതു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
21 അന്നാളിൽ ഞാൻ യിസ്രായേൽഗൃഹത്തിന്നു ഒരു കൊമ്പു മുളെക്കുമാറാക്കി അവരുടെ നടുവിൽ നിനക്കു തുറന്ന വായ് നല്കും; ഞാൻ യഹോവ എന്നു അവർ അറിയും.