Song of Songs ഉത്തമ ഗീതം

1 2 3 4 5 6 7 8


അദ്ധ്യായം 5

എന്റെ സഹോദരീ, എന്റെ കാന്തേ, ഞാൻ എന്റെ തോട്ടത്തിൽ വന്നിരിക്കുന്നു; ഞാൻ എന്റെ മൂറും സുഗന്ധവർഗ്ഗവും പെറുക്കി; ഞാൻ എന്റെ തേൻ കട്ട തേനോടുകൂടെ തിന്നും എന്റെ വീഞ്ഞു പാലോടുകൂടെ കുടിച്ചു ഇരിക്കുന്നു; സ്നേഹിതന്മാരേ തിന്നുവിൻ; പ്രിയരേ, കുടിച്ചു മത്തരാകുവിൻ!
2 ഞാൻ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണർന്നിരിക്കുന്നു. വാതിൽക്കൽ മുട്ടുന്ന എന്റെ പ്രിയന്റെ സ്വരം: എന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, തുറക്കുക; എന്റെ ശിരസ്സു മഞ്ഞുകൊണ്ടും കുറുനിരകൾ രാത്രിയിൽ പെയ്യുന്ന തുള്ളികൊണ്ടും നനെഞ്ഞിരിക്കുന്നു.
3 എന്റെ അങ്കി ഞാൻ ഊരിയിരിക്കുന്നു; അതു വീണ്ടും ധരിക്കുന്നതു എങ്ങനെ? ഞാൻ കാലുകളെ കഴുകിയിരിക്കുന്നു; അവയെ മലിനമാക്കുന്നതു എങ്ങനെ?
4 എന്റെ പ്രിയൻ ദ്വാരത്തിൽ കൂടി കൈ നീട്ടി; എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകിപ്പോയി.
5 എന്റെ പ്രിയന്നു തുറക്കേണ്ടതിന്നു ഞാൻ എഴുന്നേറ്റു; എന്റെ കൈ മൂറും, എന്റെ വിരൽ മൂറിൻ തൈലവും തഴുതുപിടികളിന്മേൽ പൊഴിച്ചു.
6 ഞാൻ എന്റെ പ്രിയന്നു വേണ്ടി തുറന്നു എന്റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു; അവൻ സംസാരിച്ചപ്പോൾ ഞാൻ വിവശയായിരുന്നു; ഞാൻ അന്വേഷിച്ചു അവനെ കണ്ടില്ല; ഞാൻ അവനെ വിളിച്ചു; അവൻ ഉത്തരം പറഞ്ഞില്ല.
7 നഗരത്തിൽ ചുറ്റി സഞ്ചരിക്കുന്ന കാവൽക്കാർ എന്നെ കണ്ടു; അവർ എന്നെ അടിച്ചു, മുറിവേല്പിച്ചു; മതിൽകാവൽക്കാർ എന്റെ മൂടുപടം എടുത്തുകളഞ്ഞു.
8 യെരൂശലേംപുത്രിമാരേ, നിങ്ങൾ എന്റെ പ്രിയനെ കണ്ടെങ്കിൽ ഞാൻ പ്രേമപരവശയായിരിക്കുന്നു എന്നു അവനോടു അറിയിക്കേണം എന്നു ഞാൻ നിങ്ങളോടു ആണയിടുന്നു.
9 സ്ത്രീകളിൽ അതി സുന്ദരിയായുള്ളോവേ, നിന്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളു? നീ ഇങ്ങനെ ഞങ്ങളോടു ആണയിടേണ്ടതിന്നു നിന്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളു.
10 എന്റെ പ്രിയൻ വെണ്മയും ചുവപ്പും ഉള്ളവൻ, പതിനായിരംപേരിൽ അതിശ്രേഷ്ഠൻ തന്നേ.
11 അവന്റെ ശിരസ്സു അതിവിശേഷമായ തങ്കം; അവന്റെ കുറുനിരകൾ ചുരുണ്ടും കാക്കയെപ്പോലെ കറുത്തും ഇരിക്കുന്നു.
12 അവന്റെ കണ്ണു നീർത്തോടുകളുടെ അരികത്തുള്ള പ്രാവുകൾക്കു തുല്യം; അതു പാലുകൊണ്ടു കഴുകിയതും ചേർച്ചയായി പതിച്ചതും ആകും.
13 അവന്റെ കവിൾ സുഗന്ധസസ്യങ്ങളുടെ തടവും നറുന്തൈകളുടെ വാരവും, അവന്റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു; അതു മൂറിൻ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു;
14 അവന്റെ കൈകൾ ഗോമേദകം പതിച്ചിരിക്കുന്ന സ്വർണ്ണനാളങ്ങൾ; അവന്റെ ഉദരം നീലരത്നം പതിച്ച ദന്ത നിർമ്മിതം.
15 അവന്റെ തുട തങ്കച്ചുവട്ടിൽ നിർത്തിയ വെൺകൽത്തൂൺ; അവന്റെ രൂപം ലെബാനോനെപ്പോലെ ദേവദാരുപോലെ തന്നേ ഉൽകൃഷ്ടമാകുന്നു.
16 അവന്റെ വായ് ഏറ്റവും മധുരമുള്ളതു; അവൻ സർവ്വാംഗസുന്ദരൻ തന്നേ. യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയൻ; ഇവനത്രേ എന്റെ സ്നേഹിതൻ.