ന്യായാധിപന്മാർ

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21


അദ്ധ്യായം 20

അനന്തരം യിസ്രായേൽമക്കൾ ഒക്കെയും പുറപ്പെട്ടു ദാൻ മുതൽ ബേർ--ശേബവരെയും ഗിലെയാദ്‌ദേശത്തും ഉള്ള സഭയൊക്കെയും ഏകമനസ്സോടെ മിസ്പയിൽ യഹോവയുടെ സന്നിധിയിൽ വന്നുകൂടി.
2 യിസ്രായേലിന്റെ സകലഗോത്രങ്ങളുമായ സർവ്വജനത്തിന്റെയും പ്രധാനികളും ആയുധപാണികളായ നാലുലക്ഷം കാലാളും ദൈവത്തിന്റെ ജനസംഘത്തിൽ വന്നുനിന്നു--
3 യിസ്രായേൽ മക്കൾ മിസ്പയിലേക്കു പോയി എന്നു ബെന്യാമീന്യർ കേട്ടു--അപ്പോൾ യിസ്രായേൽമക്കൾ: ഈ ദോഷം എങ്ങിനെ സംഭവിച്ചു എന്നു പറവിൻ എന്നു പറഞ്ഞതിന്നു
4 കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവായ ലേവ്യൻ ഉത്തരം പറഞ്ഞതു: ഞാനും എന്റെ വെപ്പാട്ടിയും ബെന്യാമീൻ ദേശത്തു ഗിബെയയിൽ രാപാർപ്പാൻ ചെന്നു.
5 എന്നാറെ ഗിബെയാനിവാസികൾ എന്റെ നേരെ എഴുന്നേറ്റു രാത്രിയിൽ എന്റെ നിമിത്തം വീടുവളഞ്ഞു എന്നെ കൊല്ലുവാൻ ഭാവിച്ചു; എന്റെ വെപ്പാട്ടിയെ അവർ ബലാൽക്കാരം ചെയ്തതിനാൽ അവൾ മരിച്ചുപോയി.
6 അവർ യിസ്രായേലിൽ ദുഷ്കർമ്മവും വഷളത്വവും പ്രവർത്തിച്ചതുകൊണ്ടു ഞാൻ എന്റെ വെപ്പാട്ടിയെ ഖണ്ഡംഖണ്ഡമാക്കി യിസ്രായേലിന്റെ അവകാശദേശത്തൊക്കെയും കൊടുത്തയച്ചു.
7 നിങ്ങൾ എല്ലാവരും യിസ്രായേല്യരല്ലോ; ഇതിൽ നിങ്ങളുടെ അഭിപ്രായവും ആലോചനയും പറവിൻ.
8 അപ്പോൾ സർവ്വജനവും ഒന്നായിട്ടു എഴുന്നേറ്റു പറഞ്ഞതു: നമ്മിൽ ആരും തന്റെ കൂടാരത്തിലേക്കു പോകരുതു; ആരും വീട്ടിലേക്കു തിരികയുമരുതു.
9 നാം ഇപ്പോൾ ഗിബെയയോടു ചെയ്യേണ്ടുന്ന കാര്യമാവിതു: നാം അതു സംബന്ധിച്ചു ചീട്ടിടേണം;
10 അവർ യിസ്രായേലിൽ പ്രവർത്തിച്ച സകലവഷളത്വത്തിന്നും പകരം ചെയ്യേണ്ടതിന്നു ജനം ഗിബെയയിലേക്കു ചെല്ലുമ്പോൾ അവർക്കു വേണ്ടി ഭക്ഷണസാധനങ്ങൾ പോയി കൊണ്ടുവരുവാൻ യിസ്രായേൽഗോത്രങ്ങളിൽ നൂറ്റിൽ പത്തുപേരെയും ആയിരത്തിൽ നൂറുപേരെയും പതിനായിരത്തിൽ ആയിരംപേരെയും എടുക്കേണം.
11 അങ്ങനെ യിസ്രായേല്യർ ഒക്കെയും ആ പട്ടണത്തിന്നു വിരോധമായി ഏകമനസ്സോടെ യോജിച്ചു.
12 പിന്നെ യിസ്രായേൽഗോത്രങ്ങൾ ബെന്യാമീൻ ഗോത്രത്തിലെങ്ങും ആളയച്ചു: നിങ്ങളുടെ ഇടയിൽ ഇങ്ങനെ ഒരു ദോഷം നടന്നതു എന്തു?
13 ഗിബെയയിലെ ആ നീചന്മാരെ ഞങ്ങൾ കൊന്നു യിസ്രായേലിൽനിന്നു ദോഷം നീക്കിക്കളയേണ്ടതിന്നു അവരെ ഏല്പിച്ചു തരുവിൻ എന്നു പറയിച്ചു. ബെന്യാമീന്യരോ യിസ്രായേൽമക്കളായ തങ്ങളുടെ സഹോദരന്മാരുടെ വാക്കു കേട്ടനുസരിപ്പാൻ മനസ്സില്ലാതെ യിസ്രായേൽമക്കളോടു
14 യുദ്ധത്തിന്നു പുറപ്പെടത്തക്കവണ്ണം തങ്ങളുടെ പട്ടണങ്ങളിൽനിന്നു ഗിബെയയിൽ വന്നുകൂടി.
15 അന്നു ഗിബെയാനിവാസികളിൽ എണ്ണിത്തിരിച്ച എഴുനൂറു വിരുതന്മാരെ കൂടാതെ പട്ടണങ്ങളിൽ നിന്നു വന്ന ബെന്യാമീന്യർ ഇരുപത്താറയിരം ആയുധപാണികൾ ഉണ്ടെന്നു എണ്ണം കണ്ടു.
16 ഈ ജനത്തിലെല്ലാം ഇടത്തു കയ്യന്മാരായ എഴുനൂറു വിരുതന്മാർ ഉണ്ടായിരുന്നു; അവർ എല്ലാവരും ഒരു രോമത്തിന്നു പോലും ഏറുപിഴെക്കാത്ത കവിണക്കാർ ആയിരുന്നു.
17 ബെന്യാമീൻ ഒഴികെയുള്ള യിസ്രായേല്യരോ നാലുലക്ഷം ആയുധപാണികൾ ആയിരുന്നു; അവർ എല്ലാവരും യോദ്ധാക്കൾ തന്നേ.
18 അനന്തരം യിസ്രായേൽമക്കൾ പുറപ്പെട്ടു ബേഥേലിലേക്കു ചെന്നു: ബെന്യാമീന്യരോടു പടവെട്ടുവാൻ ഞങ്ങളിൽ ആർ മുമ്പനായി ചെല്ലേണ്ടു എന്നു ദൈവത്തോടു അരുളപ്പാടു ചോദിച്ചു. യെഹൂദാ മുമ്പനായി ചെല്ലട്ടെ എന്നു യഹോവ അരുളിച്ചെയ്തു.
19 അങ്ങനെ യിസ്രായേൽമക്കൾ രാവിലെ എഴുന്നേറ്റു ഗിബെയെക്കു നേരെ പാളയം ഇറങ്ങി.
20 യിസ്രായേല്യർ ബെന്യാമീന്യരോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടു ഗിബെയയിൽ അവരുടെ നേരെ അണിനിരന്നു.
21 ബെന്യാമീന്യരോ ഗിബെയയിൽനിന്നു പുറപ്പെട്ടു യിസ്രായേല്യരിൽ ഇരുപത്തീരായിരംപേരെ അന്നു സംഹരിച്ചു വീഴിച്ചു.
22 യിസ്രായേൽമക്കൾ യഹോവയുടെ സന്നിധിയിൽ ചെന്നു സന്ധ്യവരെ കരഞ്ഞു: ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങൾ ഇനിയും യുദ്ധത്തിന്നു പോകേണമോ എന്നു യഹോവയോടുചോദിച്ചു. അവരുടെ നേരെ ചെല്ലുവിൻ എന്നു യഹോവ അരുളിച്ചെയ്തു.
23 അങ്ങനെ യിസ്രായേല്യരായ പടജ്ജനം ധൈര്യപ്പെട്ടു ഒന്നാം ദിവസം അണിനിരന്ന സ്ഥലത്തുതന്നേ പിന്നെയും പടെക്കു അണിനിരന്നു.
24 യിസ്രായേൽമക്കൾ രണ്ടാം ദിവസവും ബെന്യാമീന്യരോടു അടുത്തു.
25 ബെന്യാമീന്യർ രണ്ടാം ദിവസവും ഗിബെയയിൽനിന്നു അവരുടെ നേരെ പുറപ്പെട്ടു യിസ്രായേൽ മക്കളിൽ പിന്നെയും പതിനെണ്ണായിരംപേരെ സംഹരിച്ചു വീഴിച്ചു; അവർ എല്ലാവരും യോദ്ധാക്കൾ ആയിരുന്നു.
26 അപ്പോൾ യിസ്രായേൽമക്കൾ ഒക്കെയും സർവ്വജനവും കയറി ബേഥേലിലേക്കു ചെന്നു; അവിടെ യഹോവയുടെ സന്നിധിയിൽ കരഞ്ഞുകൊണ്ടു അന്നു സന്ധ്യവരെ ഉപവസിച്ചുപാർത്തു യഹോവയുടെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.
27 പിന്നെ യിസ്രായേൽമക്കൾ യഹോവയോടു ചോദിച്ചു; അക്കാലത്തു ദൈവത്തിന്റെ നിയമപെട്ടകം അവിടെ ഉണ്ടായിരുന്നു.
28 അഹരോന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് ആയിരുന്നു അക്കാലത്തു തിരുസന്നിധിയിൽ നിന്നിരുന്നതു. ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങൾ ഇനിയും പടയെടുക്കേണമോ? ഒഴിഞ്ഞുകളയേണമോ എന്നു അവർ ചോദിച്ചതിന്നു: ചെല്ലുവിൻ; നാളെ ഞാൻ അവരെ നിന്റെ കയ്യിൽ ഏല്പിക്കും എന്നു യഹോവ അരുളിച്ചെയ്തു.
29 അങ്ങനെ യിസ്രായേല്യർ ഗിബെയെക്കു ചുറ്റും പതിയിരിപ്പുകാരെ ആക്കി.
30 യിസ്രായേൽമക്കൾ മൂന്നാം ദിവസവും ബെന്യാമീന്യരുടെ നേരെ പുറപ്പെട്ടു മുമ്പിലത്തെപ്പോലെ ഗിബെയയുടെ നേരെ പടെക്കു അണിനിരന്നു.
31 ബെന്യാമീന്യർ പടജ്ജനത്തിന്റെ നേരെ പുറപ്പെട്ടു പട്ടണം വിട്ടു പുറത്തായി; ബേഥേലിലേക്കും വയലിൽക്കൂടി ഗിബെയയിലേക്കും പോകുന്ന രണ്ടു പെരുവഴികളിൽവെച്ചു മുമ്പിലത്തെപ്പോലെ പടജ്ജനത്തിൽ ചിലരെ വെട്ടിത്തുടങ്ങി; യിസ്രായേലിൽ ഏകദേശം മുപ്പതുപേരെ കൊന്നു.
32 അവർ മുമ്പിലത്തെപ്പോലെ നമ്മുടെ മുമ്പിൽ തോറ്റോടുന്നു എന്നു ബെന്യാമീന്യർ പറഞ്ഞു. യിസ്രായേൽമക്കളോ: നാം ഓടി അവരെ പട്ടണത്തിൽനിന്നു പെരുവഴികളിലേക്കു ആകർഷിക്ക എന്നു പറഞ്ഞിരുന്നു.
33 യിസ്രായേല്യർ ഒക്കെയും തങ്ങളുടെ സ്ഥലത്തുനിന്നു പുറപ്പെട്ടു ബാൽ--താമാരിൽ പടെക്കു അണിനിരന്നു; യിസ്രായേല്യരുടെ പതിയിരിപ്പുകാരം ഗിബെയയുടെ പുല്പുറത്തു തങ്ങൾ ഇരുന്നേടത്തുനിന്നു പുറപ്പെട്ടു.
34 എല്ലായിസ്രായേലിൽനിന്നും തിരഞ്ഞെടുത്തിരുന്ന പതിനായിരംപേർ ഗിബെയയുടെ നേരെ ചെന്നു; പട കഠിനമായി മുറുകി; എങ്കിലും ആപത്തു അടുത്തിരിക്കുന്നു എന്നു അവർ അറിഞ്ഞില്ല.
35 യഹോവ ബെന്യാമീന്യരെ യിസ്രായേലിന്റെ മുമ്പിൽ തോല്ക്കുമാറാക്കി; അന്നു യിസ്രായേൽമക്കൾ ബെന്യമീന്യരിൽ ഇരുപത്തയ്യായിരത്തൊരുനൂറുപേരെ സംഹരിച്ചു; അവർ എല്ലാവരും ആയുധപാണികൾ ആയിരുന്നു.
36 ഇങ്ങനെ ബെന്യാമീന്യർ തങ്ങൾ തോറ്റു എന്നു കണ്ടു; എന്നാൽ യിസ്രായേല്യർ ഗിബെയെക്കരികെ ആക്കിയിരുന്ന പതിയിരിപ്പുകാരെ വിശ്വസിച്ചിരുന്നതുകൊണ്ടു ബെന്യാമീന്യർക്കു സ്ഥലം കൊടുത്തു.
37 ഉടനെ പതിയിരിപ്പുകാർ ഗിബെയയിൽ പാഞ്ഞുകയറി; പതിയിരിപ്പുകാർ നീളെ നടന്നു പട്ടണത്തെയൊക്കെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചുകളഞ്ഞു.
38 പട്ടണത്തിൽനിന്നു അടയാളമായിട്ടു ഒരു വലിയ പുക പൊങ്ങുമാറാക്കേണമെന്നു യിസ്രായേല്യർ പതിയിരിപ്പുകാരുമായി പറഞ്ഞൊത്തിരുന്നു.
39 യിസ്രായേല്യർ പടയിൽ പിൻവാങ്ങിയപ്പോൾ ബെന്യാമീന്യർ യിസ്രായേല്യരെ വെട്ടിത്തുടങ്ങി ഏകദേശം മുപ്പതുപേരെ കൊന്നു; മുൻ കഴിഞ്ഞ പടയിലെപ്പോലെ അവർ നമ്മുടെ മുമ്പിൽ തോറ്റോടുന്നു എന്നു അവർ പറഞ്ഞു.
40 എന്നാൽ പട്ടണത്തിൽനിന്നു അടയാളം ഒരു വലിയ പുകത്തൂണായി പൊങ്ങിത്തുടങ്ങിയപ്പോൾ ബെന്യാമീന്യർ പിന്നോട്ടു നോക്കി; പട്ടണം മുഴുവനും ആകാശത്തോളം കത്തിപ്പൊങ്ങുന്നതു കണ്ടു.
41 യിസ്രായേല്യർ തിരിഞ്ഞപ്പോൾ ബെന്യാമീന്യർ തങ്ങൾക്കു ആപത്തു ഭവിച്ചു എന്നു കണ്ടു.
42 അവർ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു മരുഭൂമിയിലേക്കുള്ള വഴിക്കു തിരിഞ്ഞു; പട അവരെ പിന്തുടർന്നു; പട്ടണങ്ങളിൽനിന്നുള്ളവരെ അവർ അതതിന്റെ മദ്ധ്യേവെച്ചു സംഹരിച്ചു.
43 അവർ ബെന്യാമീന്യരെ വളഞ്ഞു ഓടിച്ചു ഗിബെയെക്കെതിരെ കിഴക്കു അവരുടെ വിശ്രാമസ്ഥലത്തുവെച്ചു പിടിക്കുടി.
44 അങ്ങനെ ബെന്യാമീന്യരിൽ പതിനെണ്ണായിരംപേർ പട്ടുപോയി; അവർ എല്ലാവരും പരാക്രമശാലികൾ ആയിരുന്നു.
45 അപ്പോൾ അവർ തിരിഞ്ഞു മരുഭൂമിയിൽ രിമ്മോൻ പാറെക്കു ഓടി; അവരിൽ അയ്യായിരംപേരെ പെരുവഴികളിൽവെച്ചു ഒറ്റയൊറ്റയായി പിടിച്ചു കൊന്നു; മറ്റവരെ ഗിദോമോളം പിന്തുടർന്നു അവരിലും രണ്ടായിരം പേരെ വെട്ടിക്കളഞ്ഞു.
46 അങ്ങനെ ബെന്യാമീന്യരിൽ ആകെ ഇരുപത്തയ്യായിരം ആയുധപാണികൾ അന്നു പട്ടുപോയി; അവർ എല്ലാവരും പരാക്രമശാലികൾ തന്നേ.
47 എന്നാൽ അറുനൂറുപേർ തിരിഞ്ഞു മരുഭൂമിയിൽ രിമ്മോൻ പാറവരെ ഓടി, അവിടെ നാലു മാസം പാർത്തു.
48 യിസ്രായേല്യർ പിന്നെയും ബെന്യാമീന്യരുടെ നേരെ തിരിഞ്ഞു ഓരോ പട്ടണം മുഴുവനെയും മൃഗങ്ങളെയും കണ്ട സകലത്തെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; അവർ കണ്ട എല്ലാപട്ടണങ്ങളും തീവെച്ചു ചുട്ടുകളഞ്ഞു.