പുറപ്പാടു്
അദ്ധ്യായം 21
അവരുടെ മുമ്പാകെ നീ വെക്കേണ്ടുന്ന ന്യായങ്ങളാവിതു:
2 ഒരു എബ്രായദാസനെ വിലെക്കു വാങ്ങിയാൽ ആറു സംവത്സരം സേവിച്ചിട്ടു ഏഴാം സംവത്സരത്തിൽ അവൻ ഒന്നും കൊടുക്കാതെ സ്വതന്ത്രനായി പൊയ്ക്കൊള്ളട്ടെ.
3 ഏകനായി വന്നു എങ്കിൽ ഏകനായി പോകട്ടെ; അവന്നു ഭാര്യയുണ്ടായിരുന്നു എങ്കിൽ ഭാര്യയും അവനോടുകൂടെ പോകട്ടെ.
4 അവന്റെ യജമാനൻ അവന്നു ഭാര്യയെ കൊടുക്കയും അവൾ അവന്നു പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കയും ചെയ്തിട്ടുണ്ടെങ്കിൽ ഭാര്യയും മക്കളും യജമാനന്നു ഇരിക്കേണം; അവൻ ഏകനായി പോകേണം.
5 എന്നാൽ ദാസൻ: ഞാൻ എന്റെ യജമാനനെയും എന്റെ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നു; ഞാൻ സ്വതന്ത്രനായി പോകയില്ല എന്നു തീർത്തു പറഞ്ഞാൽ
6 യജമാനൻ അവനെ ദൈവസന്നിധിയിൽ കൂട്ടിക്കൊണ്ടു ചെന്നു കതകിന്റെയോ കട്ടളക്കാലിന്റെയോ അടുക്കൽ നിറുത്തീട്ടു സൂചികൊണ്ടു അവന്റെ കാതു കുത്തി തുളക്കേണം; പിന്നെ അവൻ എന്നേക്കും അവന്നു ദാസനായിരിക്കേണം.
7 ഒരുത്തൻ തന്റെ പുത്രിയെ ദാസിയായി വിറ്റാൽ അവൾ ദാസന്മാർ പോകുന്നതു പോലെ പോകരുതു.
8 അവളെ തനിക്കു സംബന്ധത്തിന്നു നിയമിച്ച യജമാനന്നു അവളെ ബോധിക്കാതിരുന്നാൽ അവളെ വീണ്ടെടുപ്പാൻ അവൻ അനുവദിക്കേണം; അവളെ ചതിച്ചതുകൊണ്ടു അന്യജാതിക്കു വിറ്റുകളവാൻ അവന്നു അധികാരമില്ല.
9 അവൻ അവളെ തന്റെ പുത്രന്നു നിയമിച്ചു എങ്കിൽ പുത്രിമാരുടെ ന്യായത്തിന്നു തക്കവണ്ണം അവളോടു പെരുമാറേണം.
10 അവൻ മറ്റൊരുത്തിയെ പരിഗ്രഹിച്ചാൽ ഇവളുടെ ഉപജീവനവും ഉടുപ്പും വിവാഹമുറയും കുറെക്കരുതു.
11 ഈ മൂന്നു കാര്യവും അവൻ അവൾക്കു ചെയ്യാതിരുന്നാൽ അവളെ പണം വാങ്ങാതെ വെറുതെ വിട്ടയക്കേണം.
12 ഒരു മനുഷ്യനെ അടിച്ചുകൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം.
13 അവൻ കരുതിക്കൂട്ടാതെ അങ്ങനെ അവന്റെ കയ്യാൽ സംഭവിപ്പാൻ ദൈവം സംഗതിവരുത്തിയതായാൽ അവൻ ഓടിപ്പോകേണ്ടുന്ന സ്ഥലം ഞാൻ നിയമിക്കും.
14 എന്നാൽ ഒരുത്തൽ കരുതിക്കൂട്ടി കൂട്ടുകാരനെ ചതിച്ചു കൊന്നതെങ്കിൽ അവൻ മരിക്കേണ്ടതിന്നു നീ അവനെ എന്റെ യാഗപീഠത്തിങ്കൽ നിന്നും പിടിച്ചു കൊണ്ടുപോകേണം.
15 തന്റെ അപ്പനെയോ അമ്മയെയോ അടിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.
16 ഒരുത്തൻ ഒരാളെ മോഷ്ടിച്ചിട്ടു അവനെ വിൽക്കയാകട്ടെ അവന്റെ കൈവശം അവനെ കണ്ടുപിടിക്കയാകട്ടെ ചെയ്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം.
17 തന്റെ അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.
18 മനുഷ്യർ തമ്മിൽ ശണ്ഠകൂടീട്ടു ഒരുത്തൻ മറ്റവനെ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ കുത്തിയതിനാൽ അവൻ മരിച്ചുപോകാതെ കിടപ്പിലാകയും
19 പിന്നെയും എഴുന്നേറ്റു വടി ഊന്നി വെളിയിൽ നടക്കയും ചെയ്താൽ കുത്തിയവനെ ശിക്ഷിക്കരുതു; എങ്കിലും അവൻ അവന്റെ മിനക്കേടിന്നുവേണ്ടി കൊടുത്തു അവനെ നല്ലവണ്ണം ചികിത്സിപ്പിക്കേണം.
20 ഒരുത്തൻ തന്റെ ദാസനെയോ ദാസിയെയോ തൽക്ഷണം മരിച്ചുപോകത്തക്കവണ്ണം വടികൊണ്ടു അടിച്ചാൽ അവനെ നിശ്ചയമായി ശിക്ഷിക്കേണം.
21 എങ്കിലും അവൻ ഒന്നു രണ്ടു ദിവസം ജീവിച്ചിരുന്നാൽ അവനെ ശിക്ഷിക്കരുതു; അവൻ അവന്റെ മുതലല്ലോ.
22 മനുഷ്യർ തമ്മിൽ ശണ്ഠകൂടീട്ടു ഗർഭിണിയായ ഒരു സ്ത്രീയെ അടിച്ചതിനാൽ ഗർഭം അലസിയതല്ലാതെ അവൾക്കു മറ്റൊരു ദോഷവും വന്നില്ലെങ്കിൽ അടിച്ചവൻ ആ സ്ത്രീയുടെ ഭർത്താവു ചുമത്തുന്ന പിഴ കൊടുക്കേണം; ന്യായാധിപന്മാർ വിധിക്കുമ്പോലെ അവൻ കൊടുക്കേണം.
23 മറ്റു ദോഷം വന്നിട്ടുണ്ടെങ്കിൽ ജീവന്നു പകരം ജീവൻ കൊടുക്കേണം.
24 കണ്ണിന്നു പകരം കണ്ണു; പല്ലിന്നു പകരം പല്ലു; കൈക്കു പകരം കൈ; കാലിന്നു പകരം കാൽ;
25 പൊള്ളലിന്നു പകരം പൊള്ളൽ; മുറിവിന്നു പകരം മുറിവു; തിണർപ്പിന്നു പകരം തിണർപ്പു.
26 ഒരുത്തൻ അടിച്ചു തന്റെ ദാസന്റെയോ ദാസിയുടെയോ കണ്ണു കളഞ്ഞാൽ അവൻ കണ്ണിന്നു പകരം അവനെ സ്വതന്ത്രനായി വിട്ടയക്കേണം.
27 അവൻ തന്റെ ദാസന്റെയോ ദാസിയുടെയോ പല്ലുഅടിച്ചു തകർത്താൽ അവൻ പല്ലിന്നു പകരം അവനെ സ്വതന്ത്രനായി വിട്ടയക്കേണം.
28 ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ മാംസം തിന്നരുതു; കാളയുടെ ഉടമസ്ഥനോ കുറ്റമില്ലാത്തവൻ.
29 എന്നാൽ ആ കാള മുമ്പെ തന്നേ കുത്തുന്നതായും ഉടമസ്ഥൻ അതു അറിഞ്ഞുമിരിക്കെ അവൻ അതിനെ സൂക്ഷിക്കായ്കകൊണ്ടു അതു ഒരു പുരുഷനെയോ സ്ത്രീയെയോ കൊന്നുകളഞ്ഞാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ ഉടമസ്ഥനും മരണശിക്ഷ അനുഭവിക്കേണം.
30 ഉദ്ധാരണ ദ്രവ്യം അവന്റെ മോൽ ചുമത്തിയാൽ തന്റെ ജീവന്റെ വീണ്ടെടുപ്പിന്നായി തന്റെ മേൽ ചുമത്തിയതു ഒക്കെയും അവൻ കൊടുക്കേണം.
31 അതു ഒരു ബാലനെ കുത്തിയാലും ഒരു ബാലയെ കുത്തിയാലും ഈ ന്യായപ്രകാരം അവനോടു ചെയ്യേണം.
32 കാള ഒരു ദാസനെയോ ദാസിയെയോ കുത്തിയാൽ അവൻ അവരുടെ ഉടമസ്ഥന്നു മുപ്പതു ശേക്കെൽ വെള്ളി കൊടുക്കേണം; കാളയെ കൊന്നുകളകയും വേണം.
33 ഒരുത്തൻ ഒരു കുഴി തുറന്നുവെക്കുകയോ കുഴി കുഴിച്ചു അതിനെ മൂടാതിരിക്കയോ ചെയ്തിട്ടു അതിൽ ഒരു കാളയോ കഴുതയോ വീണാൽ,
34 കുഴിയുടെ ഉടമസ്ഥൻ വലികൊടുത്തു അതിന്റെ യജമാനന്നു തൃപ്തിവരുത്തേണം; എന്നാൽ ചത്തുപോയതു അവന്നുള്ളതായിരിക്കേണം.
35 ഒരുത്തന്റെ കാള മറ്റൊരുത്തന്റെ കാളയെ കുത്തീട്ടു അതു ചത്തുപോയാൽ അവർ ജീവനോടിരിക്കുന്ന കാളയെ വിറ്റു അതിന്റെ വില പകുത്തെടുക്കേണം; ചത്തുപോയതിനെയും പകുത്തെടുക്കേണം.
36 അല്ലെങ്കിൽ ആ കാള മുമ്പെ തന്നേ കുത്തുന്നതു എന്നു അറിഞ്ഞിട്ടും ഉടമസ്ഥൻ അതിനെ സൂക്ഷിക്കാതിരുന്നു എങ്കിൽ അവൻ കാളെക്കു പകരം കാളയെ കൊടുക്കേണം; എന്നാൽ ചത്തുപോയതു അവന്നുള്ളതായിരിക്കേണം.